KPCC | നേതൃത്വത്തെ കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ നിലവിലെ ഇടപെടല്‍ പാര്‍ട്ടിയെ സഹായിക്കുന്നതായിരിക്കില്ല : കെ സുധാകരന്‍ - കെ സുധാകരന്‍
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് ഇക്കുറി പാര്‍ട്ടി പുനസംഘടന നടന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. എല്ലാ വിഭാഗങ്ങളുടെയും ആളുകള്‍ ഉള്‍പ്പെട്ട ഉപസമിതി രൂപീകരിച്ച് സ്വതന്ത്ര ചര്‍ച്ചയിലൂടെ പട്ടിക നല്‍കാനായിരുന്നു കെപിസിസി ആവശ്യപ്പെട്ടത്. ഉപസമിതി അംഗീകരിച്ച പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്നും തിരുവനന്തപുരത്തുവച്ച് മാധ്യമങ്ങളെ കണ്ട കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് അത് ചെയ്യാമെന്നും അതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നേതൃത്വത്തെ കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു ഇടപെടല്‍ പാര്‍ട്ടിയെ സഹായിക്കാൻ വേണ്ടിയുള്ളതല്ലെന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇത്രയും ജനാധിപത്യ രീതിയില്‍ ഒരു പുനഃസംഘടന നടന്നിട്ടില്ല. പാര്‍ട്ടിയുടെ സാഹചര്യം പ്രവർത്തകർ മനസിലാക്കണം. നിലവിൽ ബാലിശമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഞങ്ങള്‍ ആത്മസംതൃപ്‌തരാണ്.
ഭൂരിപക്ഷം സ്ഥലങ്ങളില്‍ നിന്നും ഒറ്റപ്പട്ടികയായാണ് കൂടുതല്‍ പ്രസിഡന്‍റുമാരുടെയും പേര് വന്നത്. ഉപസമിതികളുടെ പട്ടികയും ഒറ്റ പേരിലാണ് നൽകിയിട്ടുള്ളത്. അതിലൊന്നും നമ്മള്‍ വേർതിരിവ് കാണിച്ചിട്ടില്ല. ഒന്നിലേറെ പേരുകൾ വന്ന സാഹചര്യത്തിൽ മെറിറ്റ് നോക്കിയാണ് ആ തീരുമാനമെടുത്തത്. അതില്‍ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല.
മുന്‍കാലങ്ങളിൽ നേതാക്കള്‍ ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് പട്ടിക തയ്യാറാക്കുന്നതായിരുന്നു പുനസംഘടനയുടെ രീതി. എന്നാൽ ഇത്തവണ ഞങ്ങൾ അങ്ങനെയല്ല തീരുമാനമെടുത്തത്. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഉപസമിതി ഉണ്ടാക്കുകയും ഉപസമിതിക്ക് സ്വതന്ത്രമായി ചര്‍ച്ച നടത്താനുള്ള സ്വാതന്ത്ര്യം നൽകുകയും അവര്‍ തയ്യാറാക്കിയ പട്ടികയ്‌ക്ക് അംഗീകാരം നൽകുകയുമാണ് ചെയ്‌തത്. അതാണോ നേതൃത്വം ചെയ്‌ത തെറ്റെന്നും സുധാകരൻ ചോദിച്ചു.
വിമര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് തുടരാം. എന്നാല്‍ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു വീഴ്‌ചയും ഉണ്ടായിട്ടില്ല. ഗ്രൂപ്പുകളുമായി അവസാനഘട്ട ചര്‍ച്ച നടത്തിയില്ലെന്നാണ് പുതിയ പരാതി. അങ്ങനെയൊരു ചർച്ചയുടെ അവശ്യമുള്ളതായി നേതൃത്വത്തിന് തോന്നിയിട്ടില്ല. ഫോണില്‍ സംസാരിക്കുന്നവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ഇനി പരാതിക്കാർ ഹൈക്കമാന്‍ഡിനെ സമീപിക്കട്ടെയെന്നും പുനസംഘടന തെരഞ്ഞെടുപ്പിൽ വീഴ്‌ചയുണ്ടെന്ന് വ്യക്തമായാൽ എഐസിസി സ്വീകരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്നും സുധാകരൻ വ്യക്‌തമാക്കി.
സംസ്ഥാന നേതൃത്വത്തോട് അത്രയും വിശ്വാസം നഷ്‌ടപ്പെട്ടത് കൊണ്ടാണ് അവര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. തുടർ ചർച്ചകളിൽ വിശ്വാസമില്ലെന്നതിനാലാകും അവർ ഹൈക്കമാൻഡിനെ കാണാൻ ഒരുങ്ങുന്നത്. പ്രശ്‌നത്തിന് ഹൈക്കമാൻഡ് മുമ്പാകെ തീരുമാനം ആകുന്നതിൽ സന്തോഷമാണ്. ഞങ്ങള്‍ വാർത്താസമ്മേളനം നടത്തുകയോ അവര്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുകയോ ചെയ്‌തിട്ടില്ല. പാര്‍ട്ടിക്കകത്തെ അഭ്യന്തര പ്രശ്‌നം മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിച്ചത് തന്നെ പക്വതയില്ലായ്‌മയാണ്.
പ്രതിക്കൂട്ടില്‍ നിന്ന് മറ്റുള്ളവരെ വിമര്‍ശിക്കുന്ന നടപടിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് വളരെ കുറച്ച് പേര്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് ഓര്‍ക്കണം. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന് നൂറുകണക്കിന് നേതാക്കൻമാരുണ്ട്. അവരാരും തന്നെ ഇത്തരത്തിൽ പരാതി ഉന്നയിച്ചിട്ടില്ല. ഇതിൽ രണ്ടോ മൂന്നോ ആളുകള്‍ക്ക് മാത്രമാണ് പരാതി. ഇതിന്‍റെ അടിസ്ഥാന കാരണം നിങ്ങള്‍ക്ക് ഊഹിച്ചാല്‍ മനസ്സിലാകും.
എഐസിസി ആരോടൊപ്പമെന്ന് സംഘടനയാണ് പറയേണ്ടത്. അതിൽ സംഘടനയുടെ അഭിപ്രായം അവർക്ക് പറയാം. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്താൻ തയ്യാറാണ്. തെറ്റും ശരിയും ഹൈക്കമാൻഡ് തന്നെ വ്യക്തമാക്കട്ടെ. ബ്ലോക്ക് തലത്തില്‍ നടക്കുന്ന ശിൽപശാലകളില്‍ പങ്കെടുക്കാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്‌ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.