'ഉറച്ച നിലപാടുകളുള്ള, പക്വത വന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് കാനം': പ്രകാശ് ബാബു - കമ്മ്യൂണിസ്റ്റ് പാർട്ടി
Published : Dec 8, 2023, 10:06 PM IST
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഭൗതിക ശരീരം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക ഹെലികോപ്റ്ററിൽ രാവിലെ 8 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം പട്ടം എംഎൻ സ്‌മാരകത്തിൽ ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനമുണ്ടാകും (kanam rajendran death). തുടർന്ന് ഇടപഴിഞ്ഞിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. തുടർന്ന് വൈകിട്ടോടെ റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കൊണ്ട് പോകുമെന്ന് സിപിഐ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയും മുതിർന്ന നേതാവുമായ പ്രകാശ് ബാബു (K Prakash Babu) അറിയിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് കാനം നമ്മളെ വിട്ടുപിരിഞ്ഞത്. ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. തിരിച്ച് വന്ന് അദ്ദേഹത്തിന് പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. എഐവൈഎഫിന്‍റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ കാനത്തെ പരിചയപ്പെടാൻ കഴിഞ്ഞു. പിന്നീട് കോട്ടയം ജില്ലയിൽ ഒരുമിച്ച് പ്രവർത്തിച്ചു. 2015 ൽ കാനം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം മുതൽ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി താൻ പ്രവർത്തിച്ചു. പാർട്ടി സംഘടനയുടെ കാര്യത്തിൽ നല്ല കാഴ്‌ചപ്പാടുള്ള നേതാവായിരുന്നു. പക്വത വന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് കാനം. പല പ്രശ്‌നങ്ങളിലും ഉറച്ച നിലപാടുകൾ അദ്ദേഹമെടുക്കുമായിരുന്നു. ആ നിലപാടുകളെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എനിക്കും വ്യക്തിപരമായി വളരെ വേദനയുണ്ടാക്കുന്നതാണ് കാനത്തിന്‍റെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു.