എഐ കാമറ അഴിമതി ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ - K Muraleedharan on ai camera controversy
തിരുവനന്തപുരം:എഐ കാമറ വിവാദത്തിൽ 'ഏട്ടന്‍റെ പീടികയിൽ പോയി പറഞ്ഞാൽ മതി'യെന്ന എകെ ബാലന്‍റെ പരാമർശത്തിൽ മറുപടിയുമായി കെ മുരളീധരൻ. ഇങ്ങനെ ഒരു പഴഞ്ചൊല്ല് കേരളത്തിൽ എവിടെയാണുള്ളതെന്ന് ബാലൻ വ്യക്തമാക്കണം. എഐ കാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതാണ് സർക്കാരിന് നല്ലത്. ഇല്ലെങ്കിൽ നാണം കെട്ട് ഇറങ്ങി പോകേണ്ടി വരുമെന്നും കെ മുരളീധരൻ എം പി പറഞ്ഞു.
കെൽട്രോണിനും വിമർശനം: കെൽട്രോൺ അടച്ച് പൂട്ടുകയാണ് ചെയ്യേണ്ടത്. സർക്കാരിന്‍റെ ഇടനിലക്കാരനായാണ് ഇപ്പോൾ സ്ഥാപനത്തിന്‍റെ പ്രവർത്തനം. കെൽട്രോൺ സബ് കോൺട്രാക്‌ട് നൽകാൻ വേണ്ടി മാത്രമുള്ള സ്ഥാപനമായി മാറി. സർക്കാർ സ്ഥാപനമാണെന്ന് പറഞ്ഞ് പ്രവർത്തിക്കുകയും സ്വകാര്യ വ്യക്തികൾക്ക് കരാർ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം മാത്രമായി കെൽട്രോൺ മാറിയിരിക്കുകയാണ്.
കെൽട്രോൺ ഒരു വെള്ളാനയാണ്. കെൽട്രോണിന്‍റെ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണം. സംശയം ഉണ്ടെങ്കിൽ കോൺഗ്രസിന്‍റെ കാലത്തെ പ്രവർത്തനങ്ങളും അന്വേഷിക്കണം. ഒന്നോ രണ്ടോ ന്യൂനതകളുടെ പേരിൽ കൊള്ള നടത്തമെന്ന് വിചാരിക്കണ്ടെന്നും മുരളീധരൻ പറഞ്ഞു.
എഐ കാമറ വിവാദത്തിൽ സർക്കാർ അന്വേഷണം നേരിടണം. സർക്കാർ എന്ത് കൊണ്ട് അന്വേഷണം നേരിടുന്നില്ല. മേയ് 20 ന് സെക്രട്ടേറിയറ്റ് വളഞ്ഞ് കോണ്‍ഗ്രസ് സമരം നടത്തും. കോൺഗ്രസ് ഈ അഴിമതിയെ നിയമപരമായി നേരിടുമെന്നും കെ മുരളീധരൻ പറഞ്ഞു.