K Muraleedharan | 'അഞ്ച് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം' ; ബിജെപിയുടെ പല്ലും നഖവും കൊഴിഞ്ഞെന്ന് കെ മുരളീധരന്‍ - Telangana PCC
Published : Oct 10, 2023, 11:01 PM IST
കോഴിക്കോട് : വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണെന്ന് കെ മുരളീധരന്‍ എംപി (K Muraleedharan Express Hope of Victory in Assembly Elections Of Five States). 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ മോദിയുടെ ഇമേജ് പൂർണമായും തകർക്കപ്പെടും. സെമി ഫൈനൽ കഴിഞ്ഞാൽ പിന്നെ ഫൈനലിൽ കാര്യമായ ജോലി വേണ്ടി വരില്ല. ഫൈനലിൽ ബിജെപി നിഷ്പ്രഭരാകും. അവരുടെ പല്ലും നഖവും കൊഴിഞ്ഞെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. തെലങ്കാന തെരഞ്ഞെടുപ്പിൽ സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. അവിടെ ബിആര്‍എസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. എങ്കിലും തെലങ്കാന രൂപീകരണ വാര്‍ഷിക ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 61-70 സീറ്റുകളില്‍ വിജയിച്ച് അധികാരത്തിലെത്തും. രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരവും കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. കോൺഗ്രസിനകത്തുള്ളതിനേക്കാൾ വലിയ അഭിപ്രായവ്യത്യാസമാണ് ബിജെപിയിലുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാർട്ടി തീരുമാനം അനുസരിക്കും. തന്‍റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.