K Muraleedharan on CPM Seminar | 'ആദ്യമേ പറഞ്ഞിരുന്നു ഷൈൻ ചെയ്യാൻ നോക്കേണ്ടെന്ന്' ; സിപിഎം സെമിനാർ ചീറ്റിപ്പോയ വാണമെന്ന് കെ മുരളീധരൻ
കോഴിക്കോട് :സിപിഎം സംഘടിപ്പിച്ച സെമിനാർ ചീറ്റിപ്പോയ വാണമെന്ന് കെ മുരളീധരൻ എംപി. ചന്ദ്രയാൻ -3 വിക്ഷേപണ വിജയത്തിന്‍റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
'കഴിഞ്ഞ ദിവസം സിപിഐയുടെ ദേശീയ കൗൺസിൽ യോഗം പറഞ്ഞത് ബില്‍ കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞത്. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കേണ്ട എന്ന്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്‌ത ഏർപ്പാടാണ്. പക്ഷേ അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്' - മുരളീധരൻ പറഞ്ഞു.
'എൽഡിഎഫ് കണ്‍വീനർ പോലും സെമിനാറിൽ പങ്കെടുത്തില്ല. മത സംഘടനകളുടെ മുതിർന്ന നേതാക്കൾക്ക് പകരം പ്രതിനിധികളാണ് പങ്കെടുത്തത്. കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയത്. അതിനാൽ ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ല. സെമിനാറിൽ മുസ്ലിം വനിതകളുടെ പങ്കാളിത്തവും ഉണ്ടായിട്ടില്ല'.
ബിജെപിയുടെ തണലിൽ കഴിയുന്നവരാണ് സിപിഎം. എൻഡിഎ ഘടകകക്ഷി നേതാവ് സെമിനാറിൽ പങ്കെടുത്തപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായി. കോൺഗ്രസ് നടത്തുന്ന ജന സദസിലേക്ക് സിപിഎമ്മിനെ ക്ഷണിക്കില്ല. ഇടതുപക്ഷത്ത് നിൽക്കുന്നവരെയും ക്ഷണിക്കില്ല. എന്നാൽ മത സംഘടകളെ ക്ഷണിക്കുമെന്നും മുരളീധരൻ പറഞ്ഞു.
വ്യക്തി നിയമത്തിലെ പരിഷ്‌കരണം ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമില്ല. കൂടുതൽ ചർച്ച ചെയ്യുന്നത് ബിജെപിക്ക് ഗുണമാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.