കേരളം

kerala

ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മേരി ജോസഫ്

ETV Bharat / videos

'ജാതി മത ചിന്തകളുടെ ഭാഗമായുള്ള ഭിന്നതകൾ ഒഴിവാക്കി മുന്നോട്ട് പോകണം'; ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മേരി ജോസഫ്

By

Published : Apr 14, 2023, 8:21 PM IST

എറണാകുളം : ജനാധിപത്യ സമൂഹം ജാതി മത ചിന്തകൾ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നത് ജനാധിപത്യത്തിന്‍റെ ഭാവിയെ ആശങ്കപ്പെടുത്തുന്നു എന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മേരി ജോസഫ്. ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് കൊച്ചിയിൽ സംഘടിപ്പിച്ച ബി ആർ അംബേദ്ക്കർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും, സാഹോദര്യവും ഉൾപ്പടെയുള്ള മൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്ന് ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. 

ഗാന്ധിജിയുടെ നിർദേശ പ്രകാരമായിരുന്നു ബി ആർ അംബേദ്‌കർ ഭരണഘടന ശിൽപിയായി മാറിയത്. അംബേദ്ക്കർ അന്നത്തെ കാലത്ത് നേടിയ അറിവാണ് അദ്ദേഹത്തിന്‍റെ മഹത്വം വ്യക്തമാക്കുന്നത്. ഇന്ന് അറിവ് നേടാനുള്ള എല്ലാ സൗകര്യങ്ങളും വിരൽ തുമ്പിൽ ലഭിക്കുമ്പോഴും സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് തെറ്റായ കാര്യങ്ങൾക്ക് വേണ്ടിയാണ്. 

നന്മയും മൂല്യവും കുറഞ്ഞു വരികയാണ്, ഏത് മനുഷ്യനെയും അന്യായം കൊണ്ടും അസത്യം കൊണ്ടും കരിതേക്കാനുള്ള പ്രവണത ഏറിവരികയാണ്. നല്ല അവസരങ്ങൾ ഉപയോഗിച്ച് നല്ല നിലയിൽ എത്തുകയെന്നതാണ് അംബേദ്‌കറുടെ സന്ദേശം. മൂന്ന് കാര്യങ്ങളാണ് ഭരണഘടനയുടെ അടിസ്ഥാനം സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയാണ്. ജനാധിപത്യ രാഷ്ട്രമെന്നത് ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊളളുന്ന രാഷ്ട്രമാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച് നമ്മളെ ഭരിക്കേണ്ടവരെ തെരെഞ്ഞെടുത്താൽ ജനാധിപത്യത്തിന്‍റെ മൂല്യം മനസിലാക്കിയാണോ അവർ മുന്നോട്ട് പോകുന്നതെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദ്യം ഉന്നയിച്ചു.

ജാതി മത ചിന്തകളുടെ ഭാഗമായുള്ള ഭിന്നതകൾ ഒഴിവാക്കി മുന്നോട്ട് പോകണം. എന്തിനാണ് ജാതി ചിന്തയെന്നും എല്ലാവരിലൂടെയും ഒഴുകുന്ന രക്തം ഒന്നുതന്നെയല്ലേ എന്നും അവർ ചോദിച്ചു. എറണാകുളം സെന്‍റ് മേരീസ് ബെസിലിക്കയിൽ വിശ്വാസികൾ മതത്തിന്‍റെ പേരിൽ ചേരി തിരിഞ്ഞ് നടത്തുന്ന പ്രവർത്തനങ്ങളെയും അവർ വിമർശിച്ചു. പി വി ശ്രീനിജൻ എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. 

ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടാണ് ദളിത് സമൂഹം ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നത്. എന്നാൽ വന്ന വഴി മറന്നു പോവരുതെന്നും അദ്ദേഹം പറഞ്ഞു. എവിടെയെങ്കിലും ജാതി പറയേണ്ട അവസരം എത്തുമ്പോഴാണ് ആളുകൾ മാനസികമായി അകൽച്ച കാണിക്കുന്നത്. ദളിത് സമൂഹത്തിന്‍റെ ദൈവ സങ്കൽപം പോലും മാറി പോയിരിക്കുകകയാണ്. ദളിതർ അവരുടെ ദൈവങ്ങളെയും ആരാധനാക്രമങ്ങളും മറന്നിരിക്കുകയാണ്. ദളിത് സമൂഹം സ്വത്വം നഷ്ട്ടപെട്ടവരായി മാറുകയാണന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ABOUT THE AUTHOR

...view details