ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ജന്മനാടിന്‍റെ വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം - ജസ്റ്റിസ് ഫാത്തിമ ബീവി സംസ്‌കാരം
Published : Nov 25, 2023, 7:36 AM IST
പത്തനംതിട്ട : അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിട നല്‍കി (Justice Fathima Beevi funeral). പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നടന്ന പൊതുദര്‍ശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്‌ടര്‍ എ ഷിബു ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേണ്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍ അനിതാകുമാരി അന്തിമോപചാരം അര്‍പ്പിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്ന ചടങ്ങില്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി നല്‍കിയത്. ആന്‍റോ ആന്‍റണി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി രാധാകൃഷ്‌ണന്‍, മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, ആര്‍ ഉണ്ണികൃഷ്‌ണന്‍, ജോസഫ് എം പുതുശേരി, മാലേത്ത് സരളാദേവി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. അനന്തഗോപന്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപ്രമുഖര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.