'റബ്ബറിന്‍റെ വിലയിടിവിന് കാരണം കേന്ദ്രനയം, സഭയ്‌ക്ക് രാഷ്‌ട്രീയമില്ല'; ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ ജോസ് കെ മാണി - ജോസ് കെ മാണി സംസാരിക്കുന്നു
കോട്ടയം:റബ്ബറിന്‍റെ വിലയിടിവിനും കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. റബ്ബർ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു. ഈ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോവുന്നത് ഇത് തന്നെയാണ്. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണം എന്നാണ് തലശേരി ആർച്ച് ബിഷപ്പ് തന്‍റെ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചത് എന്നാണ് കരുതുന്നത്. സഭയ്ക്ക് രാഷ്ട്രീയവും ഇല്ല. സഭയുടെയും കേരള കോൺഗ്രസിൻ്റേയും അഭിപ്രായം കർഷകരെ സഹായിക്കണം എന്നതാണ്. റബ്ബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ ബിജെപിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം എന്നായിരുന്നു തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാഗ്‌ദാനം.
കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പ്രതിഷേധ റാലിയില്‍ വച്ചായിരുന്നു ബിഷപ്പിന്‍റെ ഈ പ്രതികരണം. 'റബ്ബറിന് വിലത്തകര്‍ച്ചയാണ്. ആരാണ് അതിന് ഉത്തരവാദി. ആരും അതിന് ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്‍റെ വില 250 രൂപയാക്കാന്‍ പ്രയാസമില്ല. കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത്, നിങ്ങളുടെ പാര്‍ട്ടി ഏതുമാവട്ടെ. നിങ്ങളെ വോട്ട് ചെയ്‌ത് ഞങ്ങള്‍ വിജയിപ്പിക്കാം. റബ്ബറിന്‍റെ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്നും ശേഖരിക്കുക. ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരും ' - ബിഷപ്പ് വേദിയില്‍ വച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.