കേരളം

kerala

സ്‌കൈ ഡൈവിങ് ജിതിൻ

ETV Bharat / videos

വാനോളം അഭിമാനം ; സ്‌കൈ ഡൈവിങ്ങില്‍ ഏഷ്യൻ റെക്കോഡ് സ്വന്തമാക്കി ജിതിൻ - Jithin M V holds the Asian record in skydiving

By

Published : Jul 14, 2023, 5:48 PM IST

കോഴിക്കോട് : സ്കൈ ഡൈവിങ്ങില്‍ ഏഷ്യൻ റെക്കോഡ് സ്വന്തമാക്കി ബാലുശ്ശേരി പനായി സ്വദേശി ജിതിൻ എം വി. നിലവിലുള്ള 30,000 അടി സ്‌കൈ ഡൈവിങ്ങിന്‍റെ ഏഷ്യൻ റെക്കോഡാണ് 43,000 അടി ഉയരത്തിൽ നിന്ന് ചാടി ജിതിൽ തകർത്തത്. അമേരിക്കയിലെ ടെന്നീസ് സ്റ്റേറ്റിൽ 2023 ജൂലൈ ഒന്നിനാണ് ഡൈവിങ് നടന്നത്. 

43,000 അടി ഉയരത്തിൽ നിന്ന് ചാടി ഭൂമിയിൽ ലാൻഡ് ചെയ്യാൻ 7 മിനിട്ട് സമയമാണെടുത്തത്. ഇതിൽ മൂന്ന് മിനിട്ട് ഫ്രീ ഫാൾ ആയിരുന്നു. 5500 അടി ഉയരത്തിൽ നിന്നാണ് പാരച്യൂട്ട് ഉയർത്തിയത്. പാരച്യൂട്ട് ഉയർത്തിയ ശേഷം ലാൻഡ് ചെയ്യാൻ നാല് മിനിട്ട് സമയമെടുത്തു. ഈ ഡൈവിങ്ങിൽ ഏറെ ദുർഘടമായ ഒരു കടമ്പ കൂടി ജിതിൻ പിന്നിട്ടിട്ടുണ്ട്. 

15,000 അടി ഉയരത്തിൽ നിന്ന് ചാടുമ്പോൾ മാത്രമേ സാധാരണ ഡൈവേഴ്‌സ് തങ്ങളുടെ രാജ്യത്തിന്‍റെ ദേശീയ പതാക കൈത്തണ്ടയിൽ ധരിക്കാറുള്ളൂ. എന്നാൽ 43,000 അടി ഉയരത്തിൽ നിന്ന് ഡൈവ് ചെയ്യുമ്പോൾ കൈത്തണ്ടയിൽ ഇന്ത്യൻ പതാക ധരിക്കാൻ കൂടി ജിതിൻ കരുത്തുകാട്ടി.

പതാക കൈത്തണ്ടയിൽ ധരിച്ചതിനാൽ തന്നെ ഡൈവിങ്ങിൽ ഏറെ ദുർഘട സന്ധികളും ജിതിൻ നേരിട്ടു. അതിശക്തമായ കാറ്റിൽ 360 ഡിഗ്രി വട്ടം കറങ്ങിയ ജിതിന് ദിശ നിർണയിച്ചെടുക്കുന്നതിന് വളരെ പാടുപെടേണ്ടതായി വന്നു. കാക്കനാട് സ്‌മാർട്ട് സിറ്റിയിൽ ഐ.ടി ഉദ്യോഗസ്ഥനായ ജിതിൻ 2017 മുതൽ പാരാഗ്ലൈഡിങ് പരിശീലിക്കുന്നുണ്ട്.

പൂനെ, മുംബൈ എന്നിവിടങ്ങളിൽ എത്തിയാണ് പരിശീലിച്ചത്. ഈ മാസം 19 ന് ജിതിൻ നാട്ടിലെത്തും. പനായി മലയിൽ അകത്തോട്ട് വിജയൻ - സത്യഭാമ ദമ്പതികളുടെ മകനാണ്. ഭാര്യയും മകനുമൊത്ത് എറണാകുളത്താണ് ജിതിന്‍റെ താമസം.

ABOUT THE AUTHOR

...view details