video: ടാറിങിന് റോഡ് റോളറിനു പകരം ജീപ്പ്, ഇതൊക്കെ ഈ നാട്ടിലേ നടക്കൂ... - ടാറിടാൻ ജീപ്പ്
കാസർകോട്: റോഡ് ടാറിങിന് റോഡ് റോളറിനു പകരം ജീപ്പ് ഉപയോഗിച്ചത് വിവാദമാകുന്നു. കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ ഒൻപതാം വാർഡ് റോഡ് നവീകരണത്തിലാണ് റോഡ് ടാറിട്ട് ഉറപ്പിക്കാൻ ജീപ്പ് ഉപയോഗിച്ചതായി പരാതിയുള്ളത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കം-മാവുങ്കാൽ റോഡിലാണ് ടാറിങ് ഉറപ്പിക്കാനായി കരാറുകാരൻ ജീപ്പ് ഉപയോഗിച്ചത്. പഞ്ചായത്ത് ഓവർസീയർ, എൻജിനീയർ എന്നിവരുടെ അനാസ്ഥയാണിതെന്നും ആക്ഷേപമുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം, എൽഎസ്‌ജിഡി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുത്തൂരടുക്കം-മാവുങ്കാൽ റോഡിലെ 340 മീറ്റർ ദൂരത്തെ ടാറിങ് പ്രവൃത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. റോഡ് പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ കരാറുകാരൻ നടത്തിയ തട്ടിപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ അഞ്ച് മീറ്റർ റോഡ് ടാർ ചെയ്‌തത് വീണ്ടും പൊളിപ്പിച്ച് ടാർ ചെയ്യിപ്പിച്ചിരുന്നു. പിന്നാലെയാണ് പുതിയ സംഭവവും ഉണ്ടായത്. പനത്തടി ഗ്രാമപഞ്ചായത്തിന്‍റെ റീ-ടാറിങ് പദ്ധതിയിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. പ്രദേശത്തെ എല്ലാ റോഡുകളും പൊളിഞ്ഞു കിടക്കുകയാണെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.