'അടിതെറ്റിയാൽ ജെസിബിയും വീഴും'; പുലിമുട്ട് നിര്‍മാണത്തിനിടെ ജെസിബി കടലിലേക്ക്, ഓപറേറ്റര്‍ക്ക് പരിക്ക് - ഓപറേറ്റര്‍ക്ക് പരിക്ക്
കോഴിക്കോട്: പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞുവീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെസിബി മറിഞ്ഞത്. സംഭവത്തില്‍ ജെസിബി ഓപ്പറേറ്റർക്ക് നിസാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച രാവിലെ 10.20 ഓടെയാണ് സംഭവം. സംഭവം കണ്ടുനിന്നയാൾ എടുത്ത വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘ജെസിബി കടലിലേക്ക് വീണൂ’ എന്ന് അലറിവിളിക്കുന്നതും ‘ഓടിവാ’ എന്ന് സമീപത്തുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ജെസിബി കരക്ക് കയറ്റിയത്.
Also Read: ഭക്ഷണം പാകം ചെയ്‌തത് ജെസിബിയിലും കോൺക്രീറ്റ് മിക്‌സറിലും : ദൃശ്യങ്ങൾ വൈറൽ
അടുത്തിടെ നാദാപുരത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥൻ ജെസിബി ഇടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ജെസിബി കോടതി ഉത്തരവ് പ്രകാരം സർക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. വടകര എംഎസിടി കോടതിയാണ് ജെസിബി കണ്ടുകെട്ടാൻ ഉത്തരവിട്ടത്. അപകടത്തിനിടയാക്കിയ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നറിഞ്ഞ കോടതി 20 ലക്ഷം രൂപ കെട്ടിവയ്‌ക്കാൻ ജെസിബിയുടെ ഉടമയായ കുറ്റിപുനത്തിൽ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറാകാത്തതിനെ തുടർന്ന് വാഹനംകണ്ടു കെട്ടിയതായി കോടതി അറിയിക്കുകയായിരുന്നു.
അതേസമയം 2021 ഫെബ്രുവരി പത്തിനാണ് അരൂർ തണ്ണീർപന്തൽ റോഡിൽ കോട്ടു മുക്കിനു സമീപം കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അരൂർ കോട്ടുമുക്കിലെ വാഴയിൽ നിവാസിയായ ബാലൻ(60) ആണ് ജെസിബി തട്ടി മരിച്ചത്.