"വെങ്കിടാചലത്തിന്‍റെ ഒന്നൊന്നര മുഴം പരാതി": ഇനി ഒരു മുഴം പൂവ് ഇല്ല, ഒരു സ്‌കെയില്‍ പൂവ് മാത്രം - muzham complaint
തൃശൂർ: ഒരു മുഴം പൂവ് എന്നാല്‍ എത്ര നീളത്തില്‍ പൂമാല കിട്ടും എന്നറിയുമോ... അതിപ്പൊ കൈ മുട്ട് മുതല്‍ കൈവിരല്‍ വരെയല്ലേ എന്നാകും ഉത്തരം. അങ്ങനെയെങ്കില്‍ ആളുടെ കൈയുടെ നീളത്തിന് അനുസരിച്ച് മാലയുടെ നീളത്തിലും മാറ്റം വരില്ലേ എന്നൊരു ചോദ്യം വന്നാലോ... സംഗതി കൺഫ്യൂഷനായില്ലേ... എന്നാല്‍ ഇനി ആ കൺഫ്യൂഷൻ വേണ്ട. കാരണം ഇനി പൂക്കടയില്‍ പോയി ഒരു മുഴം പൂവ് ചോദിച്ചാല്‍ കിട്ടില്ല. പൂക്കടക്കാർ സ്കെയില്‍ വച്ച് അളന്നാകും പൂമാല തരിക. അതായത് ഒരു മുഴം പൂമാലയുടെ നീളം 44.5 സെന്‍റിമീറ്ററായി നിശ്ചയിച്ചു. ഇനി കൈനീളമില്ല, സ്‌കെയില്‍ നീളം മാത്രം.
ഈ കടന്ന കൈമാറ്റത്തിന് കാരണക്കാരനായൊരാളുണ്ട്. തൃശൂർ സ്വദേശി വെങ്കിടാചലം. അളവു തൂക്ക വകുപ്പിന് (ലീഗല്‍ മെട്രോളജി) വെങ്കിടാചലം പരാതി നല്‍കിയതിന് പിന്നാലെ തൃശൂർ നഗരത്തിലെ പൂക്കടകളില്‍ പരിശോധന നടന്നു. മുഴം കണക്കില്‍ പൂമാല വില്‍പന നടത്തിയതിന് കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് 2000 രൂപ പിഴയുമിട്ടു. മുഴം, ചാൺ എന്നതൊന്നും ഒരു അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ വിശദീകരണം. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിങ്ങനെയും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം.
എന്തായാലും വെങ്കിടാചലത്തിന്‍റെ പരാതി ഏറ്റമട്ടാണ്. പിഴയിടാൻ ലീഗല്‍ മെട്രോളജി വകുപ്പിന് ഒരു കാരണവും കിട്ടി. പരിശോധന കർശനമാക്കിയതോടെ പൂവ് വില്‍പ്പനക്കാർ കൈക്കണക്ക് മാറ്റി സ്‌കെയില്‍ വാങ്ങി. ഇതൊക്കെയാണെങ്കിലും ആളുകൾക്ക് ഇപ്പോഴും ഒരു മുഴം പൂവ് മതി...ഒരു സ്‌കെയില്‍ പൂവ് എന്ന് ആര് പറയാനെന്നാണ് പൂക്കടക്കാർ ചോദിക്കുന്നത്.