VIDEO | 'വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട; തേക്കിന്‍കാട് മൈതാനിയില്‍ എത്തിയാലും മതി'
തൃശ്ശൂര്‍:വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തൃശ്ശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ എത്തിയാലും മതി. ഇവിടെ നടന്നു വരുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്‍റെ സ്‌റ്റാളാണ് വിയ്യൂര്‍ ജയിലിന്‍റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ തന്നെ പ്രധാന ജയിലുകളിൽ ഒന്നായ വിയ്യൂർ സെൻട്രൽ ജയിലിന്‍റെ മുൻഭാഗവും വിക്കറ്റ് ഗേറ്റും, ലോക്കപ്പുമുള്‍പ്പടെയുള്ള കാര്യങ്ങൾ സ്റ്റാളിൽ പുനർ നിർമിച്ചിട്ടുണ്ട്.
ജയിൽ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്‌റ്റാളിന്‍റെ നിര്‍മാണം. ജയിലിന്‍റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന പ്രധാന ഗേറ്റിലൂടെ സ്‌റ്റാളിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ യഥാര്‍ഥ ജയിലിലേക്ക് കടക്കുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നുണ്ട്. ജയിലിന്‍റെ ഘടനയും, അടിസ്ഥാന സൗകര്യങ്ങളും, ബ്ലോക്കുകളുടെ വിന്ന്യാസവും മറ്റും പരിചയപ്പെടുത്തുന്ന മിനിയേച്ചറും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
മേളയിൽ പ്രദർശനം കാണാൻ എത്തുന്നവർക്ക് ഒരു നിമിഷമെങ്കിലും ഇരുമ്പഴികളെ അഭിമുഖീകരിക്കാന്‍ ഉതകുന്ന വിധത്തിൽ ഒരു ജയിൽ സെല്ലും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. സെല്ലില്‍ വച്ച് സെൽഫിയെടുക്കാനുള്ള സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ജയിലിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സ്റ്റാളില്‍ വിവരിക്കുന്നതോടൊപ്പം, ജയിൽ നിർമിത വസ്‌തുക്കളുടെ പ്രദർശനവും, വിപണനവും സ്‌റ്റാളിലുണ്ട്.