'ക്രൈസ്‌തവ വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പിഎസ്‌സി നിയമനങ്ങളില്‍ സംവരണം വേണം' ; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജെ.ബി കോശി കമ്മിഷന്‍
തിരുവനന്തപുരം :ക്രൈസ്‌തവ വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത വിഭാഗങ്ങള്‍ക്കും പിഎസ്‌സി നിയമനങ്ങളില്‍ സംവരണം നൽകണമെന്ന് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍റെ ശുപാർശ. ക്രൈസ്‌തവ വിഭാഗത്തിലെ പിന്നോക്കക്കാരെ കുറിച്ച് പഠിച്ച കമ്മിഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തീരമേഖലകളിലെ ക്രൈസ്‌തവ വിഭാഗങ്ങൾക്ക് പുനരധിവാസ പാക്കേജ് നൽകണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയോര മേഖലയിലെ വന്യമൃഗ- മനുഷ്യ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അര്‍ഹമായ നഷ്‌ട പരിഹാരം നല്‍കണം. ക്രൈസ്‌തവ വിഭാഗത്തിലെ പിന്നോക്കക്കാരുടെ അവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ജെ.ബി കമ്മിഷന് രൂപം നല്‍കിയത്. വിവിധ ജില്ലകളില്‍ സിറ്റിങ് നടത്തി പരാതികള്‍ ശേഖരിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ക്രൈസ്‌തവ സമുദായത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചു. 36 പേജിൽ രണ്ട് ഭാഗങ്ങളായാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്രൈസ്‌തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ 500 നിർദേശങ്ങളും കമ്മിഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിട്ടയേര്‍ഡ് ഡി.ജി.പി ജേക്കബ് പുന്നൂസ്, റിട്ടയേര്‍ഡ് ജില്ല ജഡ്‌ജി സി.വി ഫ്രാൻസിസ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. കമ്മിഷൻ റിപ്പോർട്ട് ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് സംഘം ജസ്റ്റിസ് ജെ.ബി കോശി റിപ്പോർട്ട് കൈമാറിയത്.
also read:വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് കോടതിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം; ഹൈക്കോടതി
കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നത് നിര്‍ണായകമാണ്. സംസ്ഥാനത്തെ ക്രൈസ്‌തവ വിഭാഗത്തെ വലവീശി പിടിക്കാന്‍ ബിജെപിയുടെ കഠിന ശ്രമം നടക്കുന്നതിനിടെയാണ് കോശി കമ്മിഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ അധികം വൈകാതെ നടപടികളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.