കലയുടെ പുനരുജ്ജീവനം; പഴമയുടെ പ്രൗഢി വിളിച്ചോതി ഐവർകളി - മല അരയ മഹാസഭ
ഇടുക്കി:മലഅരയ മഹാസഭയുടെ സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുഷ്‌ഠാന കലയായ ഐവർകളിയുടെ അവതരണം ശ്രദ്ധേയമായി. നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് പഴമയുടെ പ്രൗഢി വിളിച്ചോതി ഐവർകളിയുടെ അവതരണം സംഘടിപ്പിച്ചത്.
കാളീഭക്തനായ കർണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്‌തിപ്പെടുത്താൻ ശ്രീകൃഷ്‌ണൻ പാണ്ഡവർക്ക് ഉപദേശിച്ച് കൊടുത്തതാണ് അനുഷ്ഠാന കലയായ ഐവർകളി എന്നാണ് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച് പാട്ടുപാടി കളിച്ച് ദേവിപ്രീതി നേടണമെന്ന് നിർദ്ദേശിച്ചു.
ശ്രീകൃഷ്‌ണൻ തന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട് പാട്ട് പാടിക്കൊടുത്ത് പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്‍റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭദ്രകാളി സ്‌തുതിക്ക് പുറമേ ശ്രീകൃഷ്‌ണ ചരിതവും രാമായണവും ഐവർകളിപ്പാട്ടിന് വിഷയമാകാറുണ്ട്.
നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച മല അരയ മഹാസഭയുടെ സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ചാണ് ഐവർകളി അവതരിപ്പിച്ചത്. വൃത്താകൃതിയിൽ മുള കൊണ്ട് നിർമ്മിച്ച് പനയോല മേഞ്ഞ് കുരുത്തോല കൊണ്ട് തോരണം തൂക്കി അലങ്കരിച്ച പന്തലിന് കീഴിലായിരുന്നു ഐവർകളി അരങ്ങേറിയത്.
ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറി വന്ന താളിയോല ഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിന് ശേഷമാണ് കൊച്ചു കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെയുള്ള കളിക്കാർ തട്ടിലേറുന്നത്. പരമ്പരാഗതമായി ഐവർകളി പരിശീലിപ്പിക്കുന്ന മുണ്ടക്കയം സ്വദേശി അയ്യപ്പദാസും ശിഷ്യൻമാരുമാണ് നാടുകാണിയിൽ എത്തി കലാരൂപം അവതരിപ്പിച്ചത്.
എഴുതിരിയിട്ട വിളക്കിന് മുമ്പിൽ നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവ വച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകൈയ്യോടെയാണ് പ്രത്യേക വേഷത്തിലെത്തിയ കളിക്കാർ ചുവട് വയ്ക്കുന്നത്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു കളിയവതരണമെന്ന് സംഘാടകർ പറഞ്ഞു.