തിരശ്ശീലയെ തീപിടിപ്പിക്കാന്‍ 44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങള്‍ ; രാജ്യാന്തര ഡോക്യുമെന്‍ററി - ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം - സെവൻ വിന്‍റേഴ്‌സ് ഇൻ ടെഹ്റാൻ
തിരുവനന്തപുരം :രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് (ഓഗസ്റ്റ് 04) തുടക്കമാകുമ്പോള്‍ ചലച്ചിത്ര മേഖലയിലെ പ്രതിഭകളുടെ സംഗമ ഭൂമിയാകാന്‍ ഒരുങ്ങുകയാണ് തലസ്ഥാന നഗരം. 44 രാജ്യങ്ങളില്‍ നിന്നുള്ള 286 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ഡോക്യുമെന്‍ററിയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നേടുന്ന ദീപ ധന്‍രാജ് ഉള്‍പ്പടെയുള്ള ദേശീയ തലത്തിലെ പ്രമുഖരും സംബന്ധിക്കും. കാർട്ടൂണിസ്റ്റുകൾ അടക്കം കലാരംഗത്തെ വിവിധ പ്രതിഭകളുടെ സംഭാവനകളെ ആദരിക്കുന്ന ഹ്രസ്വചിത്രങ്ങളാണ് കൂടുതലായി മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ ഓഗസ്റ്റ് 9 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ഷോനക് സെന്നിന്‍റെ 'ഓള്‍ ദാറ്റ് ബ്രീത്‌സ്', ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ദേശീയ പുരസ്‌കാര ജേതാവായ ആര്‍ വി രമണിയുടെ 'ഓ ദാറ്റ്‌സ് ഭാനു' എന്നിവ മേളയിലെ പ്രധാന ചിത്രങ്ങളാണ്. ഡെലിഗേറ്റ്‌സുകൾക്ക് സംവിധായകരുമായി സംവദിക്കാനുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഡെലിഗേറ്റ് കിറ്റിന്‍റെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചലച്ചിത്ര താരം അനുമോൾക്ക് നൽകി നിർവഹിച്ചു. കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായി ഇന്ന് രാവിലെ 9 മണി മുതലാണ് ആദ്യ പ്രദർശനം. വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇറാനിയൻ വനിത റൈഹാന ജബ്ബാറിയുടെ കഥ പറയുന്ന സെവൻ വിന്‍റേഴ്‌സ് ഇൻ ടെഹ്റാൻ പ്രദർശിപ്പിക്കും. 63 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്.