video: കടലിനടിയിൽ ത്രിവർണ പതാകയുയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ് - hoist Indian National Flag underwater
രാമനാഥപുരം : രാജ്യത്തിന്‍റെ 77-ാം സ്വാതന്ത്ര്യ ദിനം വ്യത്യസ്‌ത രീതിയിൽ ആഘോഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. രാമേശ്വരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കടലിനടയിൽ ദേശീയ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്നത്. കോസ്റ്റ് ഗാർഡിലെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് കടലിനടിയിൽ ത്രിവർണ പതാകയുയർത്തിയത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിലും കോസ്റ്റ്‌ഗാർഡ് വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായത്. രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലേക്കെത്തിയത്. ചെങ്കോട്ടയിൽ നരേന്ദ്ര മോദിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കരസേന, വ്യോമസേന, നാവിക സേന, ഡൽഹി പൊലീസ് എന്നീ സേനകളിലെ 25 വീതം ഉദ്യോഗസ്ഥരാണ് ഗാർഡ് ഓഫ് ഓണർ സംഘത്തിൽ അണിനിരന്നത്. എന്‍റെ കുടുംബാംഗങ്ങളേ...എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ച നരേന്ദ്ര മോദി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരഹൃദയർക്ക് ആദരാഞ്ജലികൾ നേർന്നു.