കേരളം

kerala

ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ്

ETV Bharat / videos

'ആവശ്യം അംഗീകരിക്കും വരെ സമരം, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ': ഐഎംഎ - മുഖ്യമന്ത്രി വാര്‍ത്തകള്‍

By

Published : May 11, 2023, 2:30 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന്ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ വനിത ഡോക്‌ടര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഡോക്‌ടര്‍മാരുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 

മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങളെ അനുഭാവ പൂര്‍വമാണ് കേട്ടതെന്നും വിഷയത്തില്‍ അനുകൂല തീരുമാനം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുല്‍ഫി നൂഹ്. ഡോക്‌ടര്‍ വന്ദന ദാസിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയമിക്കണം. ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരണം. ഈ നിയമത്തിന് ഡോ. വന്ദനയുടെ പേര് നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുല്‍ഫി നൂഹ് പറഞ്ഞു. 

ആശുപത്രിയില്‍ സിസിടിവി കാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കണം. പ്രത്യേക സുരക്ഷ മേഖലയായി ആശുപത്രികളെ പ്രഖ്യാപിക്കണം. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം. വന്ദനയുടെ കുടുംബത്തിന് അർഹമായ നഷ്‌ട പരിഹാരം നൽകണം തുടങ്ങിയ വിഷയങ്ങളാണ്  മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തതെന്നും സുല്‍ഫി നൂഹ് വ്യക്തമാക്കി. 

അനിശ്ചിത കാല സമരമെന്ന ആവശ്യമടക്കം ഡോക്‌ടര്‍മാര്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും സുല്‍ഫി പറഞ്ഞു. നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്‍റെ തീരുമാനം അറിഞ്ഞതിന് ശേഷം തുടർ സമര പരിപാടികൾ സ്വീകരിക്കുമെന്നും സുൽഫി വ്യക്തമാക്കി. 

ഓർഡിനൻസ് സംബന്ധിച്ച ഉറപ്പ് നേരത്തെയും സർക്കാർ നൽകിയതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഒരു ഡോക്‌ടറുടെ ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ആശുപത്രികളിൽ ജോലി ചെയ്യാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഡോക്‌ടർ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സുല്‍ഫി നൂഹ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details