പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ് - ശബരിമലയിൽ അനധികൃത പൂജ
പത്തനംതിട്ട: ശബരിമല മകര ജ്യോതി തെളിയുന്ന അതീവ സുരക്ഷ മേഖലയായ പൊന്നമ്പലമേട്ടിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചംഗ സംഘം അനധികൃതമായി പൂജ നടത്തി. തമിഴ്‌നാട് സ്വദേശി നാരായണ സ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് പൂജ നടന്നത്. ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇയാൾ മുൻപ് ശബരിമല കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചയാളാണെന്നാണ് വിവരം.
പൂജ ചെയ്യുന്ന വീഡിയോ സംഘം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തായത്. നാരായണ സ്വാമിയുടെ നേതൃത്വത്തിൽ ശബരിമല മകര ജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്നു എന്ന് തമിഴിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതീവ സുരക്ഷ മേഖലലയായ പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടന്നിട്ടും അധികൃതർ ആരും വിവരം അറിയാതിരുന്നത് ദേവസ്വം ബോർഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസ് എടുത്തിട്ടുള്ളത്.
also read :ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു, മെയ് 19 വരെ നട തുറന്നിരിക്കും
റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന പ്രദേശമാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അതീവ സുരക്ഷ മേഖലയാണിവിടം. വനംവകുപ്പിന് നേരിട്ട് സുരക്ഷ ചുമതലയുള്ള മേഖലയാണിത്. ഇവിടെ നിന്ന് നോക്കിയാല്‍ ശബരിമല ക്ഷേത്രവും കാണാനാവും. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഡിജിപി, വനംവകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.
നാരായണനെതിരെ മുൻപും കേസുകൾ :നാരായണൻ മുൻപ് പലതരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ള വ്യക്തിയാണെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കീഴ്‌ശാന്തിയുടെ സഹായായി പ്രവർത്തിച്ചിരുന്ന സമയത്ത് പൂജയ്‌ക്ക് എത്തുന്ന ഭക്തർക്ക് വ്യാജ രസീതുകൾ നൽകി കബളിപ്പിച്ചതുൾപ്പെടെ പരാതികൾ ഇയാൾക്കെതിരെയുണ്ട്. വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്നതുൾപ്പെടെ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
പൊന്നമ്പലമേട്ടിൽ അല്ല പുൽമേട്ടിൽ : അതേസമയം താൻ പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതായി പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്നും പൊന്നമ്പലമേട്ടിൽ അല്ല പുൽമേട്ടിൽ ആണ് പൂജ നടത്തിയതെന്നും നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. പൊന്നമ്പലമേട്ടിൽ പൂജ നടത്തുന്നു എന്ന രീതിയിൽ തനിക്കെതിരെ മറ്റാരോ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നതാണെന്നുമാണ് നാരായണന്‍റെ വിശദീകരണം. താൻ കാലടിയിൽ നിന്ന് പൂജകൾ പഠിച്ച ആളാണെന്നും കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിക്കുമ്പോൾ ദേവസ്വം ബോർഡ് തന്നെ പുറത്താക്കിയതല്ലെന്നും താൻ സ്വയം നിർത്തി പോയതാണെന്നുമാണ് നാരായണൻ പറയുന്നത്.