വൈദ്യുതി ബില്ലില്‍ തട്ടി 'ഷോക്കേറ്റ്' തൊടുപുഴക്കാര്‍ ; ജൂലൈയിലെ തുക പത്തിരട്ടി വരെ - KSEB NEWS UPDATES
ഇടുക്കി:തൊടുപുഴ നിവാസികള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ബിൽ. ജൂലൈയില്‍ ലഭിച്ച ബില്ലിലെ തുക സാധാരണയേക്കാള്‍ പത്തിരട്ടി കൂടുതലാണെന്നാണ് പരാതി. 300ലധികം ഉപഭോക്താക്കള്‍ ഇക്കാര്യമറിയിച്ച് കെഎസ്‌ഇബിയിലെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് കെഎസ്‌ഇബി അധികൃതരുടെ വിശദീകരണം. ശരാശരി 2000-2500 രൂപ കണക്കില്‍ ബില്‍ അടച്ചിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് ബില്‍. തൊടുപുഴ ടൗണില്‍ താമസിക്കുന്ന മണര്‍കാട്ട് സണ്ണി സെബാസ്റ്റ്യന്‍ എന്നയാള്‍ക്ക് നേരത്തെ ലഭിച്ചിരുന്നത് ഏകദേശം 2200 രൂപയായിരുന്നു. എന്നാല്‍ പുതിയ മീറ്റര്‍ റീഡിങ്ങില്‍ ബില്‍ തുക 60,611 ആയി. 53550 രൂപ എനര്‍ജി ചാര്‍ജും 5355 രൂപ നികുതിയും ഉള്‍പ്പടെയാണ് 60,611 രൂപ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അധികമായുള്ള ബിൽ ലഭിച്ചതോടെ നഗരസഭ അധ്യക്ഷന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെഎസ്ഇബിയ്ക്ക് മുന്നിൽ സമരവുമായെത്തി. ഇതേത്തുടര്‍ന്ന്, താത്‌കാലികമായി പഴയ ബിൽ അനുസരിച്ചുള്ള തുക അടച്ചാൽ മതിയെന്ന് കെഎസ്ഇബി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരാതികളില്‍ അധികവും ലഭിച്ചത് തൊടുപുഴ മുന്‍സിപ്പാലിറ്റി, കുമാരമംഗലം പഞ്ചായത്ത് പരിധികളില്‍ നിന്നാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇളവ് നല്‍കുമെന്നും കെഎസ്‌ഇബി അറിയിച്ചു.