Oommen Chandy | ഏഴ് ദിവസം വ്രതം, 95 കുടുംബങ്ങൾ, എല്ലാം ഉമ്മൻ ചാണ്ടിക്ക് വേണ്ടി...
ഇടുക്കി :പിതാവ് നഷ്‌ടപ്പെട്ട് അനാഥരായ മക്കളെപോലെ നിസഹായരായി നിൽക്കുകയാണ് മഴുവടി ഉമ്മൻ ചാണ്ടി കോളനിയിലെ ജനങ്ങൾ. മന്നാൻ ഗോത്ര വിഭാഗത്തിന്‍റെ ആചാരപ്രകാരം ഏഴു ദിവസം രാവും പകലും വ്രതം എടുത്ത് പ്രാർഥനയോടെ ഉമ്മൻ ചാണ്ടിക്കായി കർമം ചെയ്യുവാൻ ഒരുങ്ങുകയാണ് ഇവർ. തങ്ങളുടെ കുടുംബത്തിൽ നിന്നും വിട്ടുപോയ പ്രിയ നേതാവിനായി കഞ്ഞിക്കുഴി ഉമ്മൻചാണ്ടി കോളനിയിലെ 95 കുടുംബങ്ങളാണ് വ്രതം അനുഷ്‌ഠിക്കുന്നത്.
ഏഴു ദിവസം മത്സ്യമാംസാദികൾ ഉപേക്ഷിച്ച് രാവും പകലും പ്രാർഥിക്കുന്നതാണ് ആചാരം. ആദിവാസി ആചാരമനുസരിച്ച് കുടുംബത്തിലെ ഒരംഗം നഷ്‌ടപ്പെട്ടുപോയാൽ ഏഴു ദിവസം വ്രതം അനുഷ്‌ഠിക്കണം. ഏഴാം ദിവസം ആത്മശാന്തിക്ക് വേണ്ടി പ്രത്യേക പ്രാർഥനയും തുടർന്ന് കൂത്തും ആത്മാവിന് ബലി ചോറും അർപ്പിക്കും. ഈ കർമങ്ങൾ എല്ലാം തങ്ങളുടെ പിതാവായി കാണുന്ന പ്രിയ നേതാവിന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഈ ജനത.
സംസ്ഥാനം മുഴുവനും തേങ്ങലോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ നേരിട്ടത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ നീണ്ട വിലാപയാത്രയിൽ ആഹ്വാനങ്ങളില്ലാതെ പതിനായിരങ്ങളാണ് പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളിൽ തടിച്ചു കൂടിയത്.