ഭൂമി തരംതിരിച്ചെഴുതുന്നതില്‍ അപാകത ആരോപിച്ച് പ്രതിഷേധം: നെടുങ്കണ്ടത്ത് ഡിജിറ്റൽ സർവേ തടഞ്ഞ് നാട്ടുകാര്‍ - നെടുങ്കണ്ടത്ത് ഡിജിറ്റൽ സർവേ തടഞ്ഞ് നാട്ടുകാര്‍
ഇടുക്കി:ഡിജിറ്റൽ ഭൂമി സർവേയിൽ അപാകത ആരോപിച്ച്, ഇടുക്കി നെടുങ്കണ്ടത്ത് സർവേ തടഞ്ഞു. കൈവശ ഭൂമി, സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് സർവേ തടഞ്ഞത്. നെടുങ്കണ്ടം കട്ടാക്കലയിലാണ് സർവേയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. ഇടുക്കിയിൽ കൈവശ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഇത്തരം സ്ഥലങ്ങള്‍ സർക്കാർ ഭൂമി എന്നാണ് രേഖപ്പെടുത്തുന്നത്. ഇത് ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിൽ ആകുമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിജിറ്റൽ സർവേ സംബന്ധിച്ച ഉത്തരവുകളിലെ അവ്യക്ത പരിഹരിച്ച്, നടപടികൾ പൂർത്തീകരിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ചിന്നക്കനാൽ വില്ലേജിൽ റവന്യൂ വകുപ്പിന്‍റെ ഭൂമിയിൽ വനം വകുപ്പിന്‍റെ കയ്യേറ്റം നടന്നതായി കണ്ടെത്തി. എച്ച്‌എന്‍എല്‍ കമ്പനിയുടെ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയിലാണ് വനം വകുപ്പ് നിയമ വിരുദ്ധമായി ജണ്ട സ്ഥാപിച്ചത്. റവന്യൂ സ്ഥലത്ത് ജണ്ട സ്ഥാപിച്ചതിനാൽ തുടർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ വില്ലേജ് ഓഫിസർ ഉടുമ്പൻ ചോല എൽആർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.
ALSO READ |വനം വകുപ്പ് റവന്യൂ ഭൂമി കയ്യേറി ; ജണ്ട സ്ഥാപിച്ചത് പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാലിലെ സ്ഥലത്ത്