കജനാപാറയിൽ ഏലത്തോട്ടമുടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസ്; ഒളിവിൽ പോയ സിപിഎം നേതാക്കൾ കീഴടങ്ങി
Published : Jan 17, 2024, 4:26 PM IST
ഇടുക്കി: കജനാപാറയിൽ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സിപിഎം നേതാക്കളായ പ്രതികൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സിപിഎം കജനാപാറ ലോക്കൽ സെക്രട്ടറി എസ്. മുരുകൻ, രാജകുമാരി പഞ്ചായത്തംഗം പി. രാജാറാം, ഇളങ്കോവൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ രാജൻ (63), ഇദ്ദേഹത്തിന്‍റെ ഡ്രൈവർ പേട്ട സ്വദേശി അനിൽ (42) എന്നിവരെ ആക്രമിച്ച കേസിലാണ് പ്രതികൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. കജനാപാറയിലെ ഏലത്തോട്ടത്തിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു യൂണിയൻ അനിശ്ചിതകാല സമരം നടത്തി വരികയായിരുന്നു. തോട്ടത്തിന്‍റെ ഉടമയാണ് പരിക്കേറ്റ രാജൻ. എസ്. മുരുകൻ, പി. രാജാറാം, ഇളങ്കോവൻ എന്നിവർ ഈ ഏലത്തോട്ടത്തിൽ പ്രവേശിക്കരുതെന്നും ഏലത്തോട്ടത്തിന് പോലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനിടയിലാണ് ഡിസംബർ 23ന് അറസ്റ്റിലായ പ്രതികളും കണ്ടാലറിയാവുന്ന മറ്റ് എട്ടു പേരും ചേർന്ന് തോട്ടത്തിനകത്തു കയറി രാജനെയും ഡ്രൈവറെയും മർദിച്ചത്.