'ഡോജോ'വില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചൊരു പരിശീലനം ; ഇടുക്കിയില്‍ അന്തര്‍സംസ്ഥാന ജൂഡോ ക്യാമ്പ് - ജൂഡോ ക്യാമ്പ്
ഇടുക്കി:നെടുങ്കണ്ടത്ത് അന്തര്‍സംസ്ഥാന ജൂഡോ ക്യാമ്പ് (Interstate Judo Camp) പുരോഗമിക്കുന്നു. ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങള്‍ക്ക് താരങ്ങളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് തുടങ്ങിയ ക്യാമ്പ് ഈ മാസം എട്ടാം തീയതിയാണ് അവസാനിക്കുന്നത്. ദേശീയതലത്തില്‍ തന്നെ പ്രമുഖനായ പരിശീലകന്‍ ടോണി ലീയാണ് നേതൃത്വം നല്‍കുന്നത്. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷനാണ് (Nedumkandam Sports Association) ക്യാമ്പിന്‍റെ സംഘാടകര്‍. ഒരു ആഴ്‌ചയോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 12 കുട്ടികളും ഇടുക്കിയിലെ 30 കുട്ടികളുമാണ് പങ്കെടുക്കുന്നത്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കേരളത്തിലെ കുട്ടികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളുമായി മാറ്റുരച്ച് മത്സരപരിചയമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പരിശീലകന്‍ ബാലയുടെ നേതൃത്വത്തിലാണ് നെടുങ്കണ്ടത്തേക്ക് എത്തിയത്. സംഘത്തില്‍ നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 12 സീനിയര്‍ താരങ്ങളാണുള്ളത്. അതേസമയം, നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം മാത്രമാണ് ക്യാമ്പിന്‍റെ ഭാഗമായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് താരങ്ങളെ എത്തിച്ച് കൂടുതല്‍ പരിശീലന കളരികള്‍ സംഘടിപ്പിക്കാന്‍ സംഘടന പദ്ധതിയിടുന്നുണ്ട്.