'പ്ലാസ്റ്റിക് കുപ്പി തിരികെ കൊടുത്താല്‍ പണം മടക്കി നല്‍കും'; പരിസ്ഥിതി സംരക്ഷണത്തിന് ഇടുക്കി ഡിടിപിസിയുടെ വേറിട്ട മാതൃക - പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ഡിടിപിസി
ഇടുക്കി:വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജൂണ്‍ അഞ്ച് മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം. ഇനി മുതല്‍ സഞ്ചാരികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായും 'മാലിന്യമുക്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍' എന്ന ആശയം നടപ്പിലാക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമായി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുമ്പോള്‍ സ്റ്റിക്കര്‍ പതിച്ച് നിശ്ചിത തുക ഈടാക്കും. തുടര്‍ന്ന് തിരിച്ച് പോകുമ്പോള്‍ ഇതേ കുപ്പികള്‍ മടക്കി കൊണ്ടുവരികയാണെങ്കില്‍ തുക തിരികെ കൈപ്പറ്റുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ALSO READ |പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് ജനവാസ മേഖലയിൽ ; കുറ്റിക്കോലിൽ പ്രതിഷേധവുമായി നാട്ടുകാർ
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി ഡിടിപിസി അറിയിച്ചു. ലോക പരിസ്ഥിതി ദിനമാണ് ജൂണ്‍ അഞ്ച്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.