ജലാശയങ്ങള്‍ 'മരണക്കുഴി'കളാകുമ്പോള്‍; ഇടുക്കിയില്‍ വെള്ളക്കെട്ടുകളില്‍പെട്ട് ജീവന്‍ നഷ്‌ടപ്പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു - Death by water
ഇടുക്കി:ജലാശയങ്ങളിലും കുളങ്ങളിലുമടക്കം പതിയിരിക്കുന്ന അപകടം അറിയാതെ മരണത്തിലേക്ക് വഴുതി വീഴുന്നവരുടെ എണ്ണം ജില്ലയില്‍ വർധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലെ പുഴകളിലും കുളങ്ങളിലും ജലാശയങ്ങളിലുമായി മുങ്ങി മരിച്ചതാവട്ടെ മുപ്പത്തിയാറ് പേരും. അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപ്പിലായില്ല.
ഒരാഴ്‌ച മുന്‍പ് പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിൽ പാറകുളത്തിൽ മുത്തശ്ശിയുടെയും പേരക്കുട്ടികളായ രണ്ട് കുരുന്നുകളുടെയും ജീവന്‍ നഷ്‌ടമായത് ജില്ലയ്ക്ക് കനത്ത നൊമ്പരമായിരുന്നു ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളുടെ മരണം. അതേസമയം ഇന്ന് രണ്ടുപേരാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. മുതിരപ്പുഴയാറിലും കമ്പംമെട്ടിലുമാണ് മരണം സംഭവിച്ചത്.
ഇവരില്‍ പലര്‍ക്കും ജലാശയങ്ങളുടെ ആഴമോ അപകടസാധ്യതയോ അറിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ പാറക്കുളങ്ങള്‍ക്ക് പുറമെ നദികള്‍, ചെക്ക്ഡാം, കുളങ്ങള്‍, പടുതാക്കുളങ്ങള്‍, ചുറ്റുമതിലില്ലാത്ത കിണറുകള്‍ എന്നിവിടങ്ങളിലായിരുന്നു കൂടുതൽ അപകടങ്ങള്‍. വിനോദസഞ്ചാരികളും പ്രദേശവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും എത്തിയവരും അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്‌ടപ്പെട്ടവരില്‍ ഉള്‍പ്പെടും. സംസ്ഥാനത്ത് ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപ്പായിട്ടില്ല.
ജലക്ഷാമം നേരിടുന്ന മേഖലകളില്‍ നിന്നും ഒട്ടേറെ പേര്‍ കുളിക്കാനും അലക്കാനുമായി പാറക്കുളങ്ങളെ ആശ്രയിക്കും. കാലൊന്നു വഴുതിയാല്‍ വെള്ളം നിറഞ്ഞു കിടക്കുന്ന അഗാധമായ കുഴിയിലാകും ഇവര്‍ അകപ്പെടുക. പാറക്കുളങ്ങള്‍ക്ക് സമീപം വീടുകളില്ലാത്തതും അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടാനും ഇടയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ ഓടിയെത്തുമ്പോഴേക്കും സമയം ഏറെ കടന്നു പോകും. ചിലയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിക്കുന്നതും അപകടത്തിനു വഴി വയ്ക്കുന്നുണ്ട്.