Idukki Became Largest District : സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി വീണ്ടും ഇടുക്കി : പാലക്കാട് രണ്ടാമത് - Idukki Became Largest District
Published : Sep 10, 2023, 5:29 PM IST
ഇടുക്കി :സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി വീണ്ടും ഇടുക്കി (Idukki Became Largest District In State). എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ (Kuttampuzha Village) ഭാഗമായ 12718.5095 ഹെക്‌ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് (Edamalakkudy Village) കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലിപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. ഇതോടെ വലിപ്പത്തിന്‍റെ കാര്യത്തിൽ പാലക്കാട് രണ്ടാമതാകും. കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതോടെ ഇടുക്കിയുടെ ആകെ വിസ്‌തൃതി 4358 ചതുരശ്ര കിലോമീറ്ററിൽനിന്ന് 4612 ചതുരശ്ര കിലോമീറ്ററായി ഉയരും. ഇതുവരെ ഒന്നാമതായിരുന്ന പാലക്കാടിന്‍റെ വിസ്‌തൃതി 4482 ചതുരശ്ര കിലോമീറ്ററാണ്. ഭരണസൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേർത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്‌റ്റംബർ അഞ്ചിന് പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയിലെ സർക്കാർ ഗസറ്റിലും ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വിസ്‌തീർണത്തിന്‍റെ കാര്യത്തിൽ നാലിൽനിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂർ നാലാം സ്ഥാനത്തെത്തി. 3032 ചതുരശ്ര കിലോമീറ്ററാണ് തൃശൂരിന്‍റെ വിസ്‌തീർണം. 3550 ചതുരശ്ര കിലോമീറ്ററുള്ള മലപ്പുറമാണ് മൂന്നാം സ്ഥാനത്തുള്ളത്. 1997 വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല ഇടുക്കി ആയിരുന്നു. എന്നാൽ 1997 ജനുവരി ഒന്നിന് ദേവികുളം താലൂക്കിലെ കുട്ടമ്പുഴ വില്ലേജ് മുഴുവനായും എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്‌ടമാവുകയും വലിപ്പത്തിന്‍റെ കാര്യത്തിൽ പാലക്കാട് ജില്ല ഒന്നാമതാവുകയുമായിരുന്നു.