പുറംലോകത്തെത്താന്‍ ദുർഘടപാത, താണ്ടണം കിലോമീറ്ററുകള്‍; അറുതിയില്ല അഞ്ചുരുളി ആദിവാസി ഊരിലെ ദുരിതത്തിന് - അഞ്ചുരുളി
ഇടുക്കി:അധികൃതരുടെഅവഗണനകളില്‍ നിന്നും മോചനമില്ലാതെ കഴിയുകയാണ് അഞ്ചുരുളി ആദിവാസി കോളനി. കോളനി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ അഞ്ച് കിലോമീറ്റർ ദുർഘടപാതയിലൂടെ സഞ്ചരിക്കണം. ആർക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാൽ ഈ ആദിവാസി ഊരിലെ ആളുകളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കാറുള്ളത്.
രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ അഞ്ച് കിലോമീറ്റർ കുണ്ടും കുഴിയും നിറഞ്ഞ റോഡ് താണ്ടണം എന്നതാണ് വലിയ വെല്ലുവിളി. ഗർഭിണികളോ അത്യാഹിത അവസ്ഥയിലുള്ള രോഗികളോ ആണെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ ഭാഗ്യം എന്നേ പറയാനാകൂ എന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രഖ്യാപനങ്ങൾ പലതും നടന്നെങ്കിലും യാത്രാദുരിതത്തിന് യാതൊരു മാറ്റവുമില്ലെന്ന് നിവാസികള്‍ ചൂണ്ടിക്കാട്ടി.
റോഡ് വികസനത്തിനായി അരക്കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കിയിരുന്നു. ഈ പണികൾ ഇപ്പോഴും പാതിവഴിയിൽ ആണ്. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്‌തത് ഒഴിച്ചാൽ ഭൂരിഭാഗവും തകർന്നു കിടക്കുന്ന സ്ഥിതിയിലാണ്. ഗർഭിണികളെ പ്രസവ സമയത്തിന് ആഴ്‌ചകൾക്ക് മുന്‍പ് തന്നെ ആശുപത്രിയിൽ എത്തിക്കുന്നതാണ് ഇപ്പോള്‍ പതിവ്. 50 കുടുംബങ്ങളിലായി 160 പേരാണ് അഞ്ചുരുളി ആദിവാസി ഊരിലുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്‌ദാനം നൽകി കടന്നുപോവുന്ന രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല എന്നാണ് ഊരിലെ നിവാസികള്‍ പറയുന്നത്.