അഞ്ചുവയസുകാരിയുടെ കൊലപാതകം; 'പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ സന്തോഷം'; പ്രതികരണവുമായി ആലുവയിലെ വീട്ടമ്മമാര്‍
Published : Nov 4, 2023, 11:08 PM IST
എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ആലുവയിലെ വീട്ടമ്മമാര്‍. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണം. അതിന് വേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്നും അവർ ഇടിവി ഭാരതിനോട് പറഞ്ഞു. അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ ആലുവയിലെ വനിതകള്‍ ചേര്‍ന്ന് 'ആലുവ ക്ലീൻ സിറ്റി കാമ്പയിൻ' എന്ന കൂട്ടായ്‌മയ്ക്ക് രൂപം നൽകിയിരുന്നു. പിഞ്ചു കുഞ്ഞിനോട് കാണിച്ച ക്രൂരതയ്ക്ക് പ്രതി പരമാവധി ശിക്ഷയ്ക്ക് അർഹനാണ്. ആലുവയിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എതിരെയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. അതിന്‍റെതായ മാറ്റങ്ങൾ കണ്ടുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് ഇപ്പോൾ സജീവമാണ്. കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ കുടുംബാംഗങ്ങൾക്ക് കൂടി പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും വീട്ടമ്മമാര്‍ പറയുന്നു. അതിഥി തൊഴിലാളികൾ അവരുടെ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാത്ത സാഹചര്യമാണുള്ളത്. കുട്ടികളുടെ സുരക്ഷയിൽ പൊലീസിന് മാത്രമല്ല മാതാപിതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്ന് മുനീറ പറഞ്ഞു. ആലുവയിലെ നാട്ടുകാർ ജാഗ്രതയിലാണുള്ളത് കൂട്ടായ്‌മയിലെ അംഗമായ ബുഷ്‌റ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന തോന്നലാണ് ആലുവയിൽ ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ സംഭവം. പ്രതിയെ തൂക്കി കൊല്ലണമെന്നാണ് ആലുവയിലെ അമ്മമാരുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
also read:ആലുവ കൊലക്കേസ് : പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, വിധിയില്‍ വാദം വ്യാഴാഴ്‌ച