കൊല്ലപ്പെട്ട ഹോട്ടലുടമയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു; ലഭിച്ചത് അട്ടപ്പാടി ചുരത്തില്‍ നിന്നും - hotel owner murder mobile phone recovered palakkad
പാലക്കാട്:കോഴിക്കോട് കൊല്ലപ്പെട്ട തിരൂർ സ്വദേശി സിദ്ധിഖിന്‍റെ മൊബൈൽ ഫോൺ കണ്ടെടുത്തു. തെളിവെടുപ്പിനായി ഷിബിലിയേയും ഫർഹാനയേയും ഇന്ന് രാവിലെ അട്ടപ്പാടി ചുരത്തിലെത്തിച്ചിരുന്നു. റോഡിന്‍റെ അരികില്‍ നിന്നുമാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്.
പ്രതികളായ മൂവർ സംഘം, ട്രോളി ബാഗിലാക്കിയ മൃതദേഹം ഒൻപതാം വളവിൽ തള്ളിയ ശേഷമാണ് മൊബൈൽ ഫോണ്‍ ഉപേക്ഷിച്ചത്. ഒൻപതാം വളവിന് താഴെയാണ് മൊബൈൽ ഫോണും പുറമെ ആധാർ കാർഡും ഉപേക്ഷിച്ചത്. ആധാര്‍ കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല. തിരൂർ പൊലീസാണ് തെളിവെടുപ്പിനായി പ്രതികളെ അട്ടപ്പാടി ചുരത്തിലെത്തിച്ചത്. ഇന്നലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനുശേഷം ഷിബിലിന്‍റെ വല്ലപ്പുഴ വീട്ടിലും ചളവറയിലെ ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി.
സിദ്ധിഖിനെ മെയ് 18നാണ് മൂവർ സംഘം ഹോട്ടലിൽ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി രണ്ട് ട്രോളി ബാഗിലായി അട്ടപ്പാടി ചുരത്തിൽ ഒന്‍പതാം വളവിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. ഹണി ട്രാപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനാണ് പ്രതികൾ ലക്ഷ്യമിട്ടത്. മുഖ്യ ആസൂത്രണം നടത്തിയത് ഫർഹാനയാണെന്നും വ്യക്തമായിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് കൊലപാതകം നടന്നത്.