നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു: സംഭവം പാലക്കാട് കല്ലടിക്കോട്
പാലക്കാട് : കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നാട്ടാനയ്‌ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി സുബൈറിന്‍റെ ഉടമസ്ഥതയിലുള്ള മഹാദേവൻ എന്ന നാട്ടാനയാണ് വെള്ളിയാഴ്ച്ച രാത്രി 11.30 യോടെ ആക്രമണത്തിനിരയായത്. ആനയെ കല്ലടിക്കോട് ശിരുവാണി ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തളച്ചിരിക്കുന്ന സമയത്താണ് ആക്രമണം.
കോഴിക്കോട് -പാലക്കാട് ദേശീയ പാതക്ക് സമീപമാണ് കാട്ടാനകൾ എത്തിയത്. തടിപിടിക്കാനായെത്തിച്ച നാട്ടാനയെ കഴിഞ്ഞ അഞ്ച് മാസമായി ഈ പ്രദേശത്താണ് തളച്ചിരുന്നത്. ഇന്നലെ രാത്രിയോടെയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ മൂന്ന് ആനകൾ അടങ്ങിയ കാട്ടാനക്കൂട്ടം മഹാദേവനെ തളച്ചിരുന്ന മേഖലയിലെത്തുന്നത്.
നാട്ടാനയുടെ സമീപത്തെത്തിയ കാട്ടാനകൾ ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിൽ നാട്ടാന ചെറുത്ത് നിന്നെങ്കിലും മുൻവശത്തെ വലതു കാലും, ദേഹവും കാട്ടുകൊമ്പന്‍റെ കൊമ്പു കൊണ്ടുള്ള കുത്തേറ്റ് മുറിഞ്ഞു. കാട്ടനക്കൂട്ടത്തിന്‍റെ ശബ്‌ദം കേട്ട പാപ്പാൻമാരും സമീപവാസികളും ഉണർന്നു. ഉടൻ തന്നെ നാട്ടുകാർ മണ്ണാർക്കാട് വനം വകുപ്പിന്‍റെ ആർആർടിയെ വിവരമറിയിക്കുകയായിരുന്നു.
ഈ പ്രദേശത്ത് തന്നെയുണ്ടായിരുന്ന ആർആർടി സംഘം പെട്ടെന്നുതന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ആദ്യ ശ്രമത്തിൽ കാട്ടാനകളെ തുരത്താനായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടാനകളെ നാട്ടാനയുടെ അടുത്ത് നിന്ന് മാറ്റാൻ കഴിഞ്ഞത്. പീന്നീട് കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുകയായിരുന്നു.
ആർആർടി സംഘത്തിന്‍റെ സമയോചിതമായ ഇടപെടലുകൊണ്ടാണ് നാട്ടാനയുടെ ജീവൻ രക്ഷിക്കാനായത്. മണ്ണാർക്കാട് നിന്നുള്ള ഡോക്‌ടർ പ്രാഥമിക ചികിത്സ നൽകിട്ടുണ്ടെങ്കിലും നാട്ടാനയ്‌ക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ പരിചയസമ്പന്നനായ ഡോക്‌ടറെ എത്തിക്കും.