വാഗമൺ വിനോദ സഞ്ചാരത്തിന് പുതിയ വഴിത്തിരിവായി ഹെലികോപ്റ്റർ സവാരി: നടപടികൾ ആരംഭിച്ചു - വാഗമൺ ടൂറിസം
Published : Dec 31, 2023, 8:54 PM IST
|Updated : Dec 31, 2023, 9:34 PM IST
ഇടുക്കി: വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിന് പുതിയൊരു പൊൻതൂവലായാണ് ഹെലികോറ്റർ സവാരി ഒരുങ്ങുന്നത്. വാഗമണ്ണിൽ നിന്നും തേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തുക. ഇതിനായി വാഗമൺ ഡി ടി പി സി അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികൾ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കളക്‌ടർക്ക് മുൻപാകെ ഉടൻ സമർപ്പിക്കുമെന്നും പീരുമേടിന്‍റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും എം എൽ എ വാഴൂർ സോമൻ പറഞ്ഞു. ഏവിയേഷൻ ലൈസൻസ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും എം എൽ എ പറഞ്ഞു. കയാക്കിങ്, പാരഗ്ലാഡിങ്, ഗ്ലാസ് ബ്രിഡ്‌ജ് തുടങ്ങിയ നിരവധി സാഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം നിരവധി സഞ്ചരികൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി വിജയകരമാകും എന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടാതെ വാഗമൺ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് ഉണ്ടാവാനും പദ്ധതി സഹായകരമാകും. ഒപ്പം ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റർ പദ്ധതി.