പുതുവര്‍ഷം പിറന്നു; മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കും ഗതാഗത കുരുക്കും
Published : Jan 1, 2024, 7:57 PM IST
ഇടുക്കി: പുതുവത്സരാഘോങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് (Heavy Rush In Munnar Tourist Places). ഇക്കഴിഞ്ഞ ശനിയാഴ്‌ച മുതലാണ് സഞ്ചാരികളുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയത്. ബോട്ടിങ് സെന്‍ററുകളിലും മറ്റിതര വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശിയപാതയിലും വാഹനങ്ങളുടെ വലിയ തിരക്കാണ്. ശനിയാഴ്‌ച മുതല്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ ബോട്ടിങ് സെന്‍ററുകളും ഇരവികുളം ദേശിയോദ്യാനവും സഞ്ചാരികളാല്‍ സജീവമാണ്. മറയൂര്‍, മാങ്കുളം, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. മൂന്നാര്‍ ടൗണിലും ദേശിയപാതയിലും വാഹനങ്ങളുടെ വലിയ തിരക്കാണ്. മൂന്നാറിന്‍റെ പ്രവേശന കവാടമായ രണ്ടാം മൈല്‍ മുതല്‍ സഞ്ചാരികളാല്‍ നിറഞ്ഞ് കഴിഞ്ഞു. തിരക്ക് വഴിയോര വില്‍പ്പന കേന്ദ്രങ്ങളെയും സജീവമാക്കി. ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമൊക്കെ സഞ്ചാരികളാല്‍ സജീവമാണ്. ശൈത്യം ആസ്വദിക്കാനാണ് പുതുവത്സരകാലത്ത് സഞ്ചാരികള്‍ കൂടുതലായി മൂന്നാറിലേക്ക് എത്തുന്നത്. പകല്‍ സമയത്തും രാത്രി കാലത്തും മൂന്നാറില്‍ അന്തരീക്ഷ താപനില കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ.