വയനാട്ടിൽ കനത്ത മഴയും കാറ്റും; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് - ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണു
വയനാട് : കല്‍പ്പറ്റയിൽ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കല്‍പ്പറ്റ പുളിയാര്‍ മല ഐടിഐ വിദ്യാര്‍ഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദുവിനാണ് (19) പരിക്കേറ്റത്. പുളിയാര്‍ മലയിലെ ബസ് സ്റ്റോപ്പില്‍ വച്ച് വൈകിട്ട് 5 മണിയോടെയാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയത്തും വേനൽമഴ, കനത്ത നാശനഷ്‌ടം : മെയ് 18ന് കോട്ടയത്ത് ഉണ്ടായ വേനൽമഴയിൽ കനത്ത നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌തു. മഴയ്‌ക്കൊപ്പമെത്തിയ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മരം വീണ് നാല് പേർക്ക് പരിക്കേറ്റിരുന്നു.
റോഡുകളിലേക്ക് മരം വീണതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഏഴ് കെട്ടിടങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചു. നൂറിലധികം പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. കെഎസ്ഇബി ജീവനക്കാർ എത്തിയ ശേഷം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപെട്ടാണ് തടസങ്ങൾ നീക്കിയത്.