Heavy Rain Crop Damage Alappuzha: മഴവെള്ളത്തിൽ മുങ്ങി കുട്ടനാട്ടിലെ കൃഷി; പ്രതിസന്ധിയിൽ കർഷകർ - കനത്ത മഴയിൽ കൃഷി നാശം
Published : Sep 30, 2023, 2:24 PM IST
ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ ജില്ലയിലെ രണ്ടാം കൃഷി വെള്ളത്തിനടിയിലായി (Heavy Rain Crop Damage In Alappuzha). എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ദേവസ്വം വരമ്പിനകം പാടശേഖരത്തെ രണ്ടാം കൃഷിയാണ് മഴവെള്ളത്തിൽ മുങ്ങിയത്. കൊയ്‌ത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നെല്ല്, മഴ വെള്ളത്തിൽ മുങ്ങിയത്. പാട്ട കർഷകരാണ് ഏറെയും ക്യഷി ഇറക്കിയിരിക്കുന്നത്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് കാരണം പാടത്തെ വെള്ളം വറ്റിക്കുന്നതിൽ താമസം വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഒരു ഏക്കറിന് 60000 രൂപയോളമാണ് കൃഷിക്കായി മുടക്കിയത്. ഇനി കൊയ്‌ത്തിനായി വീണ്ടും നല്ല തുക ചെലവാക്കേണ്ടിവരും. ഈ നനവ് നിൽക്കെ കൊയ്‌ത്ത് നടത്തുന്നത് ബുദ്ധിമുട്ടാണ്. സാമ്പത്തിക നഷ്‌ടവും സമയം നഷ്‌ടവും വിളവ് തീരെ ലഭിക്കാത്ത സ്ഥിതിയുമാണ് ഇപ്പോഴുള്ളതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം മുതൽ കുട്ടനാട്ടിൽ കനത്ത മഴയാണ്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് ആലപ്പുഴ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. കേന്ദ്ര കാലാവസ്ഥ പ്രവചനം വന്നതോടെ കർഷകർ ആശങ്കയിലാക്കിയിരിക്കുകയാണ്.