ഹൈറേഞ്ചില്‍ പെയ്‌തിറങ്ങിയത് ആലിപ്പഴ വര്‍ഷം; മണിക്കൂറുകളോളം അലിയാതെ കിടന്നു
ഇടുക്കി: ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളില്‍ ആലിപ്പഴ വര്‍ഷം. വേനല്‍മഴക്കൊപ്പമാണ് അതി ശക്തമായ ആലിപ്പഴ വീഴ്‌ച ഉണ്ടായത്. പുഷ്‌പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാര്‍ പ്രദേശങ്ങളില്‍ ആണ് ആലിപ്പഴ വീഴ്‌ച. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ.
ആനയിറങ്കല്‍ മേഖലയിലും ആലിപ്പഴ വീഴ്‌ച ഉണ്ടായി. സാധാരണ വീഴുന്ന ആലിപ്പഴത്തെ അപേക്ഷിച്ച് വലിപ്പം കൂടിയവയാണ് ഇത്തവണ പെയ്‌ത് ഇറങ്ങിയത്. മഴ തോര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആലിപ്പഴം അലിയാതെ കിടന്നതും ശ്രദ്ധേയമാണ്.
കൂട്ടമായി പതിച്ച ആലിപ്പഴങ്ങള്‍ ഏലച്ചെടികള്‍ക്ക് ചുവട്ടില്‍ അടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം ആലിപ്പഴം ഏലച്ചെടികളുടെ ചുവട്ടില്‍ കിടക്കുന്നത് മൂലം ചെടികള്‍ നശിക്കാന്‍ സാധ്യത ഏറെയാണ്. കൂടാതെ ശക്തമായി ആലിപ്പഴം പതിച്ചതോടെ ഏലച്ചെടികളുടെ ഇലകളും നശിച്ചു. വേനലിലെ കത്തുന്ന വെയിലില്‍ നിന്ന് ഏലച്ചെടികളെ സംരക്ഷിക്കാന്‍ കഷ്‌ടപ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് ആലിപ്പഴ വീഴ്‌ച തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
വേനല്‍ ചൂടിന് അല്‍പം ആശ്വാസം ലഭിച്ചെങ്കിലും മഴയില്‍ ജില്ലയില്‍ ചെറിയ തോതിലുള്ള ചില നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നെടുങ്കണ്ടം പാലാര്‍ സ്വദേശി അനീഷിന്‍റെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്നു. മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മേല്‍ക്കൂര തകരുകയായിരുന്നു. വീടിന്‍റെ ഒരു ഭാഗത്തെ ഭിത്തിയും തകര്‍ന്നിട്ടുണ്ട്.