കേരളം

kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ

ETV Bharat / videos

രാജേഷിന്‍റെ ശരീരത്തില്‍ ഇനി ശ്യാമളയുടെ ഹൃദയം തുടിക്കും; കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ - കാർഡിയോ മയോപ്പതി

By

Published : Mar 26, 2023, 8:55 AM IST

കോട്ടയം: ആരോഗ്യ രംഗത്ത് മികവിന്‍റെ നേട്ടവുമായി കോട്ടയം മെഡിക്കൽ കോളജ്. ഹൃദയമാറ്റ ശസ്‌ത്രക്രിയകള്‍ നടത്തി വിജയിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടുമൊരു ഹൃദയമാറ്റ ശസ്‌ത്രക്രിയ കൂടി വിജയകരമായി പൂര്‍ത്തിയാക്കി. ചങ്ങനാശ്ശേരി പള്ളിക്കച്ചിറ സ്വദേശി 35 കാരനായ എം ആർ രാജേഷിനാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തിയത്.  

എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച മഹാരാഷ്‌ട്ര സ്വദേശിനി 52 കാരിയായ ശ്യാമള രാമകൃഷ്‌ണന്‍റെ ഹൃദയമാണ് രണ്ടര മണിക്കൂർ കൊണ്ട് രാജേഷില്‍ തുന്നിപ്പിടിപ്പിച്ചത്. നാലു വർഷം മുമ്പ് രോഗ ലക്ഷണങ്ങൾ കണ്ടത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു രാജേഷ്.

വിശദമായ പരിശോധനയിലാണ് കാർഡിയോ മയോപ്പതി എന്ന അസുഖമാണ് രാജേഷിനെന്ന് കണ്ടു പിടിച്ചത്. രക്തം പമ്പു ചെയ്യുന്നതിന്‍റെ സമ്മർദം കുറവായിരുന്നു. ഹൃദയ ധമനികളിലെ വാൽവുകൾക്ക് പ്രവർത്തന ശേഷിയില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയയാണ് ഏക പോംവഴിയെന്ന് ഡോക്‌ടർമാർ അറിയിച്ചു.  

തുടർന്ന് ഒരു വർഷം മുമ്പ് സഞ്ജീവനിയിൽ പേരു രജിസ്റ്റർ ചെയ്‌ത് കാത്തിരിക്കുകയായിരുന്നു രാജേഷും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ സോട്ടോ വഴിയാണ് രാജേഷിന് ശ്യാമളയുടെ ഹൃദയം ലഭിച്ചത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിനും ടീം അംഗങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചു. ഒപ്പം അവയവം ദാനം ചെയ്‌ത ശ്യാമള രാമകൃഷ്‌ണന്‍റെ ബന്ധുക്കള്‍ക്ക് മന്ത്രി നന്ദിയുമറിയിച്ചു.

നേരത്തെയും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ: എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. മൂന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയും ഇവിടെ നടന്നിട്ടുണ്ട്. നാല് മണിക്കൂറുകള്‍ എടുത്താണ് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. രാജേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

രാജേഷിന് പുറമെ അഞ്ച് പേര്‍ക്ക് കൂടി ശ്യാമള പുതുജീവന്‍ നല്‍കിയിട്ടുണ്ട്. കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയ മറ്റ് അവയവങ്ങള്‍. ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് ലഭിച്ചത്. പൊലീസിന്‍റെ സഹകരണത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവ വിന്യാസം നടത്തിയത്.

ശനിയാഴ്‌ച രാവിലെ എട്ട് മണിക്ക് ഹൃദയം കൊണ്ടുവരുന്നതിനായി ഡോ. ടി കെ ജയകുമാറിന്‍റെ  നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആസ്റ്റർ മെഡിസിറ്റിയിലേയ്ക്ക് പുറപ്പെട്ടു. തുടർന്ന് ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മയുടെ ഹൃദയം രണ്ടര മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു.

11.50 ന് ഹൃദയവുമായി പുറപ്പെട്ട ആംബുലന്‍സ് 12.50 ന് കോട്ടയം മെഡിക്കൽ കോളജിലെത്തി. രണ്ടര മണിക്കൂർ കൊണ്ട് രാജേഷിന്‍റെ ശരീരത്തിൽ ഹൃദയം വച്ച് പിടിപ്പിക്കുകയും ചെയ്‌തു. ആംബുലൻസിന് മാർഗ തടസം ഉണ്ടാകാതിരിക്കാന്‍ പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.  

ഡോ. ടി കെ ജയകുമാറിനോടൊപ്പം ഡോ. എൻ സി രതീഷ്, ഡോ. പ്രവീൺ, ഡോ. വിനീത, ഡോ. ശിവപ്രസാദ്, ഡോ. രതികൃഷ്‌ണൻ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജുഷ, ഡോ. സഞ്ജീവ് തമ്പി, നഴ്‌സുമാരായ റ്റിറ്റോ, മനു, ലിനു അനസ്‌തേഷ്യ ടെക്‌നിക്കൽ വിഭാഗത്തിലെ അശ്വതി പ്രസീത, രാഹുൽ, രാജേഷ് മുള്ളൻകുഴി, അശ്വതി, വിഷ്‌ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ പൂർത്തിയാക്കിയത്.

മേസ്‌തിരി പണിയായിരുന്നു രാജേഷിന്. രോഗം ബാധിച്ചതോടെ വരുമാന മാർഗവും നിലച്ചു. രശ്‌മിയാണ് രാജേഷിന്‍റെ ഭാര്യ. ആദീശ്വർ (9), അതുല്യ (4) എന്നിവര്‍ മക്കളാണ്.

ABOUT THE AUTHOR

...view details