Health Department| 'വാഹനങ്ങൾ എല്ലാം കട്ടപ്പുറത്ത്': ഇടുക്കിയില്‍ പനി പടരുമ്പോൾ നേരിടാൻ മാർഗമില്ലാതെ ആരോഗ്യവകുപ്പ് - കേരളത്തിൽ ഡെങ്കിപ്പനി
ഇടുക്കി : ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ഇടുക്കി ജില്ലയില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങാൻ ആരോഗ്യവകുപ്പിന് വാഹനങ്ങള്‍ ഇല്ല. 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങള്‍ക്ക് തുടര്‍ അനുമതി പുതുക്കി നല്‍കാത്തതാണ് പ്രശ്‌നമായത്. ജില്ലയില്‍ ആരോഗ്യവകുപ്പിന്‍റെ 26 വാഹനങ്ങളാണ് ഇത്തരത്തില്‍ ഓടിക്കാൻ അനുമതിയില്ലാതെ കിടക്കുന്നത്.
പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് ആരോഗ്യമേഖലക്ക് വലിയ പ്രതിസന്ധിയാണ് വാഹനങ്ങളുടെ ദൗർലഭ്യം സൃഷ്‌ടിക്കുന്നത്. ഷെഡിൽ കയറ്റിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ എവിടെ പുനര്‍വിന്യസിക്കുമെന്നും ആരോഗ്യ വകുപ്പിന് നിശ്ചയമില്ല. വാഹനം ഇല്ലാതായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയതായും ആക്ഷേപമുണ്ട്.
ഹൈറേഞ്ച് മേഖലയിലെ മിക്ക പഞ്ചായത്തുകളിലും പകർച്ചവ്യാധികൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ സമയത്താണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ സ്ഥാപനത്തിലെ വാഹനങ്ങള്‍ കട്ടപ്പുറത്തായത്. കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സ്ഥാപനത്തിന് വാഹനം ഇല്ലാത്തതുമൂലം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ഉറവിട നശീകരണം, ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങിയ ജോലികള്‍ക്കായി വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് ജീവനക്കാരെ എത്തിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നില്ല.
ഡെങ്കിപ്പനിക്ക് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മലമ്പനി, മന്ത് എന്നിവ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെള്ള് പനിയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയാതെ ആരോഗ്യവകുപ്പ് പ്രതിസന്ധിയിലായത്. പുതിയ വാഹനങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ.