ഹവാലയും കുഴല്‍പ്പണവും... രണ്ട് മാസത്തിനിടെ കാസർകോട് പിടിച്ചത് രണ്ട് കോടിയിലധികം
കാസർകോട്: ഹവാല, കുഴൽപ്പണ സംഘങ്ങളുടെ വിഹാര കേന്ദ്രമായി വീണ്ടും കാസർകോട്. ഒരിടവേളയ്ക്ക് ശേഷം കാസർകോട് ജില്ല കേന്ദ്രീകരിച്ച് ഹവാല, കുഴല്‍പ്പണ സംഘങ്ങൾ വ്യാപകമാകുന്നതായി കണക്കുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസർകോട് ജില്ലയില്‍ രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടിയതായി പൊലീസ് കണക്ക്.
ലഹരിക്കടത്ത്, സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് പുറമെയാണ് കുഴൽപ്പണ, ഹവാല ഇടപാടുകളും ജില്ലയിൽ പിടിമുറുക്കുന്നത്. ഇതിനകം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒമ്പത് കേസുകളിലായി പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഴൽപ്പണ വേട്ട ഏറ്റവും കൂടുതൽ നടന്നത് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. നാലു കേസുകളിലായി 89 ലക്ഷത്തി 67ആയിരം രൂപയാണ് ഹോസ്ദുർഗിൽ പിടികൂടിയത്. കാസർകോട് ടൗൺ സ്റ്റേഷൻ പരിധിയിൽ 69ലക്ഷത്തി 68 ആയിരം രൂപയുടെ കുഴൽപ്പണവും പിടികൂടി. നീലേശ്വരത്ത് 18 ലക്ഷവും, ബദിയടക്കയിൽ 21 ലക്ഷവുമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം പിടികൂടിയ കണക്ക്.
കുഴൽപ്പണ - ഹവാല ഇടപാട് സംഘങ്ങളെ അമർച്ച ചെയ്യാൻ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടപടി പുരുഗമിക്കുകയാണ് . ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. കർണാടക -കേരള അതിർത്തിയിലും പരിശോധന ശക്തമാക്കാനാണ് നീക്കം. ഞായറാഴ്ചയാണ് ഏറ്റവും ഒടുവിൽ കാസർകോട് നെല്ലിക്കട്ടയിൽ കുഴൽപ്പണ വേട്ട നടന്നത്. 21 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് നെല്ലിക്കട്ടയില്‍ പിടികൂടിയത്. നായന്മാറമൂല സ്വദേശി ഹക്കീമിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിൽ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.