'എത്ര മൂടിവച്ചാലും സത്യം പുറത്തുവരും' ; വയറ്റിൽ കത്രിക കുടുങ്ങിയതിലെ അന്വേഷണ റിപ്പോർട്ടില്‍ പ്രതികരണവുമായി ഹർഷിന - ഹർഷിന മാധ്യമങ്ങളോട്
കോഴിക്കോട് : എത്ര മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം തുടരുന്ന ഹർഷിന. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു. 'ഞാൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. വീട്ടമ്മയായ എന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്ന് തന്നവർക്ക് അറിയാം. അർഹമായ നഷ്‌ടപരിഹാരം കിട്ടണം. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്' - ഹർഷിന പറഞ്ഞു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രസ്‌താവന. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന മൂന്നാമത്തെ പ്രസവത്തിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചെടുത്ത എംആർഐ സ്‌കാനിംഗാണ് കേസിൽ വഴിത്തിരിവായത്. സ്‌കാനിംഗിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 2017 നവംബര്‍ 30നാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം വേദന മാറാതായതോടെയാണ് സ്‌കാനിംഗ് നടത്തിയത്. സംഭവത്തിൽ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.