Haritheerthakkara Waterfall| പ്രതിസന്ധികള്‍ ഒഴിഞ്ഞു, ഇനി 'ഹരിതീര്‍ത്ഥക്കര' സൂപ്പറാകും; വികസന പ്രവര്‍ത്തികള്‍ക്ക് ആലപ്പടമ്പ പഞ്ചായത്ത്
കണ്ണൂര്‍: മഴക്കാലത്ത് നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് പയ്യന്നൂര്‍ മാത്തിൽ ഹരിതീർത്ഥക്കര (Haritheerthakkara) വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. മേഖലയിലെ അപൂർവ്വം വെളളച്ചാട്ടങ്ങളില്‍ ഒന്നായ ഹരിതീർത്ഥക്കരയിൽ പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു. ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടെ കയ്യിലായിരുന്നതാണ് വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത്.
എന്നാല്‍, 40 സെന്‍റ് വീതം സ്ഥലം രണ്ട് സ്വകാര്യ വ്യക്തികള്‍ പഞ്ചായത്തിന് വിട്ടുനല്‍കിയതോടെ ഈ പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമായിട്ടുണ്ട്. താഴെവീട്ടില്‍ ദിനചന്ദ്രന്‍, പാലേരി ഗോപാലന്‍ എന്നിവരാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി കൈമാറിയത്. സൗജന്യമായാണ് ഇവര്‍ ഇരുവരും പഞ്ചായത്തിന് ഭൂമി വിട്ടുനല്‍കിയത്.
ഹരിതീർത്ഥക്കര വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്കും അഡ്വഞ്ചര്‍ സ്‌പോട്ടും സജ്ജമാക്കാനാണ് നിലവില്‍ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിന്‍റെ നീക്കം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വിട്ടുകിട്ടിയതോടെ പഞ്ചായത്തിന്‍റെ സ്വപ്‌ന പദ്ധതിക്ക് വേഗം കൂടുമെന്ന് പ്രസിഡന്‍റ് എംവി സുനില്‍കുമാര്‍ പറഞ്ഞു.