വനിതകൾക്ക് മാത്രമായൊരു ജിംനേഷ്യം... വെറൈറ്റിയാണ് വിജയപുരം പഞ്ചായത്ത്
കോട്ടയം : കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിലെ വനികൾക്ക് ഇനി വ്യായാമത്തിനായി മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. നേരെ പഞ്ചായത്ത് ഓഫീസിലേക്ക് പോയാല്‍ മതി. പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിം ഒരുക്കിയിട്ടുള്ളത്.
പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ നിലയിൽ ഭാഗത്ത് പഴയ ഫയലുകളും ഫർണിച്ചറുകളും കൂട്ടി ഇട്ടിരിക്കുന്ന സ്ഥലം വൃത്തിയാക്കിയെടുക്കാണ് ജിം സജ്ജമാക്കിയത്. 30 ലക്ഷം രൂപ മുടക്കിയാണ് വനിതകൾക്ക് മാത്രം വ്യായാമം ചെയ്യുന്നതിനായി പ്രത്യേക ജിംനേഷ്യം ഒരുക്കിയത്. നിലവിൽ അഞ്ച് ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ജിമ്മിലേക്ക് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ ഉടൻ എത്തിച്ച് ഓണത്തോടനുബന്ധിച്ച് ഉദ്‌ഘാടനം നടത്താനാണ് ഭരണസമിതിയുടെ തീരുമാനം. അതോടൊപ്പം തന്നെ ജിമ്മിനായി തയ്യാറാക്കിയതിന്‍റെ ഒരു ഭാഗം യോഗ ക്ലാസിനായി മാറ്റിവയ്‌ക്കും. സ്വകാര്യ ജിമ്മുകളിലെ വലിയ ഫീസാണ് ഇത്തരം ഒരു ആശയത്തിന് പിന്നിലെന്ന് വൈസ് പ്രസിഡന്‍റ് രജനി സന്തോഷ് പറഞ്ഞു.
വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശത്തെ സ്‌ത്രീകൾക്ക് ജിമ്മിൽ വന്ന് വ്യായാമം ചെയ്യാൻ താൽപര്യമുണ്ട്. അതുകൊണ്ട് സ്‌ത്രീകളുടെ കായികപരവും മാനസികവുമായി ആരോഗ്യം നിലനിർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. വിജയപുരം പഞ്ചായത്തിലെ സ്‌ത്രീകൾ വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ നോക്കികാണുന്നത്. ഇത് സ്‌ത്രീകൾക്ക് വളരെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. മറ്റു പഞ്ചായത്തുകളും ഇതേ പാതയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷയെന്നും രജനി സന്തോഷ് പറഞ്ഞു.