കേരളം

kerala

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആനയോട്ടതോടെ തുടക്കം

ETV Bharat / videos

video: ഗോകുൽ ജേതാവ്, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആനയോട്ടതോടെ തുടക്കം - ഗുരുവായൂര്‍

By

Published : Mar 3, 2023, 7:56 PM IST

തൃശൂര്‍:  ഭക്തർക്ക് ആവേശമായി ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം. ആനയോട്ടത്തില്‍ കൊമ്പൻ ഗോകുൽ ജേതാവായി. ചെന്താമരാക്ഷന്‍, കണ്ണന്‍, വിഷ്ണു എന്നീ കൊമ്പന്മാരും പിടിയാന ദേവിയുമാണ് ഗോകുലിനെ കൂടാതെ ഓട്ടത്തില്‍ പങ്കെടുത്തത്. 

ഇന്ന് (03.03.23) വൈകിട്ട് മൂന്നോടെയായിരുന്നു ആനയോട്ടം. മത്സരത്തിന് മുന്നോടിയായി മഞ്ജുളാല്‍ പരിസരത്ത് ആനകള്‍ ഓടാന്‍ തയ്യാറായി നിരന്ന് നിന്നു. ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകളെ അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ ആനകളുടെ അടുത്തേക്ക് ഓടി. തുടര്‍ന്ന് ഗജവീരന്മാര്‍ ഓട്ടത്തിലേക്ക്. 

സ്വർണക്കോലം ഏറ്റുന്നത് ഗോകുല്‍: ആനയോട്ടത്തില്‍ കിഴക്കേ ഗോപുരത്തിലൂടെ മതില്‍ക്കകത്തേക്ക് ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഗോകുല്‍ ഒന്നാമതെത്തിയതോടെ ഉത്സവത്തില്‍ സ്വർണക്കോലം ഏറ്റുന്നതുള്‍പ്പടെ ഗോകുലിനാണ് ചുമതല. മാത്രമല്ല ഉത്സവ നാളുകളില്‍ ആനയോട്ടത്തിലെ ജേതാവിന് ക്ഷേത്രത്തില്‍ പ്രത്യേക പരിഗണനയും ലഭിക്കും. 

വിദഗ്ദ സമിതി തീരുമാനിച്ച പത്ത് ആനകളില്‍ നിന്ന് ഓട്ടത്തില്‍ പങ്കെടുത്ത അഞ്ച് ആനകളെ നറുക്കിട്ടാണ് നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ രവികൃഷ്ണന്‍, ഗോപീകണ്ണന്‍ എന്നീ ആനകളെ കരുതലായും നിശ്ചയിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രാത്സവത്തിന് ആരംഭം കുറിക്കുന്ന ആദ്യ ചടങ്ങാണ് ആനയോട്ടം. 

നറുക്കെടുത്ത ആനകള്‍ക്കാണ് ഓട്ടത്തിന് യോഗ്യതയുണ്ടായിരിക്കുക. മഞ്‌ജുളാൽ പരിസരത്ത് നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊടുന്ന ആനയാണ് മത്സരത്തിലെ വിജയിയാവുക. മത്സരത്തിന് മുന്നോടിയായി പങ്കെടുക്കുന്ന ആനകളെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. പാരമ്പര്യ അവകാശികൾ നൽകുന്ന കുടമണികളുമായി ക്ഷേത്രത്തിൽ നിന്നും ഓടിയെത്തുന്ന പാപ്പാന്മാർ ആനകള്‍ക്ക് ഈ മണികള്‍ അണിയിക്കും. 

മാരാർ ശംഖ് വിളിച്ചാൽ ആനയോട്ടം ആരംഭം. മാത്രമല്ല ഒന്നാമത്തെത്തുന്ന ആന ക്ഷേത്രത്തിൽ പ്രവേശിച്ച് ഏഴുവട്ടം പ്രദക്ഷിണവും പൂർത്തിയാക്കും. ആനയോട്ടമത്സരങ്ങളില്‍ ഗജവീരന്മാരായ ഗോപീ കണ്ണൻ ഏഴ്‌ വട്ടവും കണ്ണൻ ഒമ്പത് വട്ടവും വിജയികളായിട്ടുണ്ട്.

ABOUT THE AUTHOR

...view details