Gun threat: മദ്യം കിട്ടിയില്ല, തൃശൂരില്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലംഗ സംഘം പിടിയില്‍
തൃശൂർ:പൂത്തോളില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണി. നാലംഗ സംഘമാണ് കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റില്‍ അതിക്രമം നടത്തിയത്. ഇന്നലെ മദ്യശാല അടച്ചതിന് ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രതികളെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ (ജൂണ്‍ 16) രാത്രി ഒന്‍പത് മണിയ്‌ക്കായിരുന്നു സംഭവം. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റ് അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലംവിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന് നാലംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസാർ, ജയ്‌സൻ, പാലക്കാട് സ്വദേശി അബ്‌ദുള്‍ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.