അട്ടപ്പാടിയിൽ എക്‌സൈസ് പരിശോധന : നാടൻ തോക്കും കഞ്ചാവും പിടിച്ചു ; നാല് പേര്‍ അറസ്റ്റില്‍
പാലക്കാട് :അട്ടപ്പാടിയിൽ എക്‌സൈസ് പരിശോധനയില്‍ നാടൻ തോക്കും കഞ്ചാവും പിടിച്ചു. രണ്ട് സംഭവങ്ങളിലായി നാല് പേർ പിടിയിലായി. പുതൂർ അരളിക്കോണത്തെ രാജേന്ദ്രനെയാണ് ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ചീരക്കടവ് സ്വദേശികളായ കൃഷ്‌ണമൂർത്തി, നവീൻ കുമാർ, സ്വർണഗദ്ധ ഊരിൽ രാമൻ എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
വീട്ടിൽ ചാരായ വിൽപ്പനയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പുതൂർ അരളിക്കോണത്തെ രാജേന്ദ്രന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ, വീട്ടിൽ തെരച്ചിൽ നടത്തിയപ്പോൾ എക്സൈസിന് കിട്ടിയത് ലൈസൻസില്ലാത്ത നാടൻ തോക്കാണ്. തുടർന്ന് രാജേന്ദ്രനെ അഗളി എക്സൈസ് പിടികൂടി പുതൂർ പൊലീസിന് കൈമാറി. രാജേന്ദ്രനെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്‌തു.
കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ അഗളി എക്സൈസ് പിടികൂടി : 53 ഗ്രാം കഞ്ചാവുമായി ചീരക്കടവ് സ്വദേശികളായ കൃഷ്‌ണമൂർത്തി, 30 ഗ്രാം കഞ്ചാവുമായി നവീൻ കുമാർ , 29 ഗ്രാം കഞ്ചാവുമായി സ്വർണഗദ്ധ ഊരിൽ രാമൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. അഗളി അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ആർ രജിത്തിന്‍റെ നേതൃത്വത്തിലാണ് നാല് പേരെയും പിടികൂടിയത്. കഴിഞ്ഞ ആഴ്‌ച എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.