പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയില്‍ വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു - തൊഴിലാളി
എറണാകുളം:പെരുമ്പാവൂരിൽ തീച്ചൂളയിലേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശി നസീർ (23) ആണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലുള്ള യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്ന തീച്ചൂളയിലാണ് തൊഴിലാളി വീണത്.
രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. മാലിന്യം കത്തിക്കുന്ന കുഴിക്ക് സമീപം കൂട്ടിയിട്ട പ്ലൈവുഡ് മാലിന്യത്തിൽ തീപടരുന്നത് തടയാൻ നസീർ പൈപ്പ് ഉപയോഗിച്ച് വെള്ളം തളിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ നിന്നതിന്‍റെ അടിഭാഗം കത്തിയതിനെ തുടർന്ന് താഴ്ന്നുപോവുകയും മാലിന്യക്കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. തൊഴിലാളിയുടെ മുകളിലേക്ക് മാലിന്യം വീഴുകയും ചെയ്‌തു.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കത്തിയമർന്ന മാലിന്യം നീക്കം ചെയ്‌ത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ഇരുപത് അടിയോളം ആഴമുള്ള കുഴിയിൽ നിന്നും കണ്ടെത്തുക ശ്രമകരമാണെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം തെരച്ചിലിനെ തുടര്‍ന്ന് ലഭിച്ച മൃതദേഹാവശിഷ്‌ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. മാത്രമല്ല നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്‌ടറികളിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ, കാര്യമായി ഇടപെടാറില്ലെന്നാണ് നാട്ടുകാർ വിമർശനം ഉന്നയിക്കുന്നത്. നേരത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച മാലിന്യക്കുഴിയിൽ വീണ് ഒരു കുട്ടിയുൾപ്പടെ മരണപ്പെട്ടിരുന്നു. എന്നാൽ, ഇതേത്തുടര്‍ന്നും ആവശ്യമായ സുരക്ഷയൊരുക്കാൻ ഇത്തരം ഫാക്‌ടറികളോ, ബന്ധപ്പെട്ട അധികൃതരോ തയ്യാറായിട്ടില്ല. അപകടം സംഭവിക്കുമ്പോൾ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യാറുണ്ടെങ്കിലും കർശനമായ തുടർനടപടികള്‍ ഉണ്ടാകാറില്ലെന്നാണ് വിമർശനം ഉയരുന്നത്.