VIDEO | പറമ്പിലെ പന്തലില്‍ പടര്‍ന്ന് മുന്തിരിവള്ളികള്‍ ; നിറയെ കായ്‌ച്ച് മധുരക്കാഴ്‌ച - മുന്തിരികൃഷി
കണ്ണൂർ : വീട്ടുപറമ്പിൽ നട്ടുവളർത്തിയ മുന്തിരി നിറയെ കായ്ച്ചതിൻ്റെ സന്തോഷത്തിലാണ് പയ്യന്നൂര്‍ കാങ്കോൽ വടശ്ശേരി നാർക്കലെ കൂലേരിക്കാരൻ നാരായണനും കുടുംബവും. കർഷകനായ നാരായണൻ മുന്തിരിയുടെ ഒരു പാക്കറ്റ് തൈ വാങ്ങി വീട്ടുപറമ്പിൽ നട്ട് വളർത്തിയതാണ്. തൈ വളർന്നുവെങ്കിലും മുന്തിരി പിടിക്കുമെന്ന് നാരായണനോ ഭാര്യ ചന്ദ്രികയോ കരുതിയിരുന്നില്ല. എന്നാൽ മുന്തിരി പൂവിട്ടു, കായ്ച്ചു. വയലറ്റ് നിറത്തിൽ പഴുത്ത മുന്തിരിക്കുലകൾ വീടിനോട് ചേർന്ന പന്തലിൽ തുങ്ങുന്നത് മനോഹര കാഴ്‌ചയുമാണ്. വീട്ടുപറമ്പിലെ മുന്തിരിപ്പാടം കാണാൻ അയൽക്കാരും സുഹൃത്തുക്കളുമെല്ലാം എത്തുന്നുണ്ട്. ചാണകം, എല്ലുപൊടി തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. ശക്തമായ മഴ മുന്തിരി വള്ളികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാരായണനും കുടുംബവും പറയുന്നു. അതേസമയം സംസ്ഥാനത്ത് വീട്ടുമുറ്റത്ത് മുന്തിരി നട്ടുവളർത്തി വിജയം കണ്ട നിരവധി പേരുണ്ട്. ആലുവ സ്വദേശിയായ വ്യാപാരി പുത്തന്‍പുരയില്‍ ഹംസ വേനൽ അടുത്തപ്പോൾ തണലിനായി മുറ്റത്ത് മുന്തിരി വള്ളികള്‍ പടര്‍ത്തി. നേരത്തെയും വേനല്‍ അടുക്കുമ്പോള്‍ ഹംസ വീട്ടുമുറ്റത്ത് മുന്തിരി വള്ളികള്‍ വച്ചുപിടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വേനലിൽ മുന്തിരി വള്ളികൾ പടർന്നുപിടിക്കുക മാത്രമല്ല, നിറയെ കായ്‌ക്കുകയും ചെയ്‌തു.