കാട്ടാന ചവിട്ടിമെതിച്ചത് ജീവിതം ; സർക്കാർ നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് ഇടുക്കിയിലെ കർഷകർ - കൃഷി നാശത്തിന് സര്‍ക്കാര്‍ സഹായം
ഇടുക്കി: ജില്ലയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങളില്‍ കൃഷി പുനരാരംഭിക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിൽ. കാട്ടാന വിഷയം ശാശ്വതമായി പരിഹരിക്കാന്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കുമ്പോഴും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാരത്തുകയുടെ വിതരണം വൈകുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ മാത്രം ഏക്കര്‍ കണക്കിന് കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
പത്തും പതിനഞ്ചും കാട്ടാനകള്‍ കൂട്ടമായി ദിവസങ്ങളോളം കൃഷിയിടങ്ങളില്‍ തമ്പടിച്ച് വിളകൾ പൂര്‍ണമായും നശിപ്പിച്ചിരുന്നു. ഏറ്റവും അധികം നാശനഷ്‌ടം നേരിടേണ്ടി വന്നത് ഏലം കര്‍ഷകര്‍ക്കാണ്. കാട്ടാന ചവിട്ടിമെതിച്ച കൃഷിയിങ്ങളില്‍ ഇനി പുതിയ തൈ നട്ട് കൃഷി പുനരാരംഭിക്കണം.
വിലത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും ഉത്പാദനക്കുറവിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ കടുത്ത പ്രതിന്ധി നേരിടുന്ന സമയത്ത് കൃഷി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ഇല്ലാതെ കഴിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടാന വിഷയം രൂക്ഷമായ സാഹചര്യത്തില്‍ നഷ്‌ടപരിഹാരത്തുക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കിയിലെത്തി സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്യമൃഗ ശല്യം മൂലം ഉണ്ടായ കൃഷി നാശത്തിന് സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല.
കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.