Goon Attack| റിട്ടയേര്‍ഡ് എസ്‌ഐയുടെ വീട്ടില്‍ ഗുണ്ട ആക്രമണം; ജനല്‍ ചില്ലും കാറും ബൈക്കുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു - അമരവിള
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ റിട്ടയേര്‍ഡ് എസ്‌ഐയുടെ വീട്ടിൽ ഗുണ്ട ആക്രമണം. അമരവിള സ്വദേശി അനിൽ കുമാറിന്‍റെ വീട്ടിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിൽ ആയുധധാരികളായെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകൾ പൂർണമായും തകർത്തു. മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിന്‍റെ ചില്ലുകളും രണ്ട് ബൈക്കുകളും അക്രമികൾ അടിച്ചുതകർത്തു. സംഭവസമയം അനിൽകുമാറും ഭാര്യയും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് നാട്ടുകാരും വീട്ടുകാരും ഉണരുന്നതിനിടയിൽ അക്രമികൾ ബൈക്കുകളിൽ കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ആക്രമണത്തിനിടയാക്കിയ കാരണം ഇനിയും വ്യക്തമല്ല. കഴിഞ്ഞദിവസം വധശ്രമ കേസില്‍ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും എസ്ഐമാരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതി പിടിയിലായിരുന്നു. സംഭവത്തില്‍ കൊച്ചുവേളി വിനായക നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ ജാങ്കോ കുമാര്‍ എന്ന അനില്‍കുമാറിനെ(38) ആണ് വലിയതുറ പൊലീസ് പിടികൂടിയത്. വലിയതുറ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് ആക്രമണം നടത്തിയ അനില്‍കുമാര്‍.