Gold Ornaments Lost From Bank Locker: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 പവനോളം സ്വർണം കാണാനില്ലെന്ന് പരാതി - കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക്
Published : Sep 22, 2023, 9:55 AM IST
തൃശൂർ : കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് പരാതി (Gold Ornaments Lost From Bank Locker). കൊടുങ്ങല്ലൂർ (Kodungallur town cooperative bank) ടൗൺ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിലാണ് സംഭവം. എടമുട്ടം നെടിയിരിപ്പിൽ സുനിത ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് കാണാതായത്. സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ കൂടുതലായും ലോക്കറിൽ സൂക്ഷിച്ചതെന്ന് സുനിത പറഞ്ഞു. പിന്നീട് പലപ്പോഴായി വേറെയും ആഭരണങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്ക് ലോക്കറിലെ സ്വർണം നഷ്‌ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സേഫ് ഡെപ്പോസിറ്റ് ലോക്കറിൻ്റെ താക്കോൽ ലോക്കർ ഇടപാടുകാരൻ്റെ കൈവശവും, മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാകുകയുള്ളു. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.